സഹയാത്രികര്‍

Friday, January 27, 2017

ബീഡി പറയുന്നത്...


ചുംബിച്ച് കൊല്ലാനാണൊ
നീയെന്നെ
ചുരുട്ടിയെടുത്തത്..

ഒന്നും പറയാതെ പോയവർ


ഒരു കുമിളപോലെ
അൽപനേരം.
പൊട്ടിപ്പോയപ്പോൾ
അതിരുന്നയിടം പോലുമറിയാതെ.

വഴുതിപ്പോയൊരു
തണുത്ത കാറ്റ് .
അവശേഷിപ്പിച്ചു പോയ
നനവിന്റെ
തണുത്തൊരോർമ്മ.

ഒരു ദീർഘനിശ്വാസം.
കാറ്റിലലിഞ്ഞു .
ആരോ ഉള്ളിലടക്കിയ
ഗദ്ഗദത്തിന്റെ ഉൾവേവ്.

പറയാതെ പോയ ആരുടെയൊക്കെയോ
വാക്കുകളിന്നലെ
വരിയായിനിന്നെന്തൊക്കെയോ പുലമ്പി.

ആയിരം ദീർഘനിശ്വാസങ്ങൾ
എന്നെ കരിച്ചുകളഞ്ഞു.
മണ്ണിലലിഞ്ഞ ആ ഗദ്ഗദലാവയ്ക്ക്
സൂര്യനെപ്പോലും കരിക്കാനുള്ള ചൂടുണ്ടായിരുന്നു !!

.............

ഫ്ലാറ്റുകളും ചേരികളും 
ഒരിക്കലും തമ്മിൽ മിണ്ടാറില്ലായിരുന്നു .

ഫ്ലാറ്റുകൾ ഒരളിഞ്ഞ നോട്ടത്തോടെ
എന്നും ചേരികളോട് .

ചേരികളെന്നും അത്ഭുതമിഴികളോടെ
ഫ്ലാറ്റ്സമുച്ചയത്തിനു നേരെ.

ഒരാഴ്ചത്തെ നിറഞ്ഞ മഴയിൽ
ഫ്ലാറ്റും, ചേരിയും തമ്മിൽ കണ്ടു.

ഒരഭയാർഥി ക്യാമ്പിൽ .
ഒരു പായ്ക്കറ്റ് ബിസ്ക്കറ്റ് പങ്കുവെച്ചവർ .
ഫ്ലാറ്റ് ചേരിയിലേയ്ക്ക് ചെരിഞ്ഞു നിന്നു .

കവിയുന്ന കവി


കവിതയിൽ
കരൾ പൂക്കുന്നു.
കരവിരുതുകൾ
കരകവിയുന്നു.

കവിയെന്ന്
കനകമെന്ന്
കടവണഞ്ഞോർ .

കുടമാറ്റി നടന്നോൻ
കുടം കണക്ക് മാരി നനഞ്ഞോൻ
കവിയുന്ന കടലെന്നും
കാലമെന്നും,കാനനമെന്നും ...!

കടക്കെണിയിലുലഞോൻ
കരകണ്ടു നടന്നോൻ

കരയുന്നവൻ
കനിവുള്ളവൻ

കാവ്യാംഗനയുമായൊത്തു ചേർന്നവൻ
കാനനമദ്ധ്യേയലയുന്നു
കാരണമന്വേഷിച്ചലയുന്നു !!

സ്വർഗം തുറക്കുന്ന സമയം


വർഗ്ഗങ്ങളുടെ
ചോര ചിന്തിയ
വഴികളിൽ നിന്ന്
ഒരു ബീജകണം .

ആലോസരപ്പെട്ടു
കിടന്നൊരു
ഗർഭപാത്രത്തിൽ
പറ്റിപ്പിടിച്ച്
വളർന്നത്‌.

പറിച്ചു ചീന്തിയെറിഞ്ഞൊരു
സ്ത്രീശരീരത്തിനുള്ളിലെ
നൂറാമനിൽ നിന്ന്
ചാടിപ്പിച്ചൊരു ബീജം.

ചോര വിഴുങ്ങി ചത്ത
അമ്മയോടൊപ്പം
അൽപം ചോരയോടൊപ്പം
പുറത്തേക്ക്.

മുല പാതി മുറിഞ്ഞവളുടെ
മുല കുടിച്ചവൻ .

വർഗ്ഗങ്ങൾക്കും
സ്വർഗ്ഗങ്ങൾക്കും
ഇടയിലൊരു
ജീവനൊളിപ്പിച്ചവൻ .

ഇന്നവൻ
സ്വർഗങ്ങൾ
തേടിയുള്ള
യാത്രയിലാണ്.

അവനു വേണ്ടി
സ്വർഗങ്ങൾ
തുറക്കുന്ന സമയം
എപ്പോഴാണാവോ !!!!

പദാനുപദം


വരികൾ അർത്ഥം പറഞ്ഞുതരുന്നുണ്ട്.
മൂകമായ ഭാഷയിലൂടെ .
ആദ്യം മുതൽ അന്ത്യം വരെ
പിടിതന്നു പോവുന്നുണ്ട് .
വരികൾക്കിടയിലെവിടെയോ
എന്നെ നഷ്ടപ്പെട്ടുപോവുന്നുണ്ട് .
പിന്നീട് ഉയിർത്തെഴുന്നേൽക്കുന്നുണ്ട് .

മനസ്സിലലിഞ്ഞുപോയ ചിലത്
തർജ്ജമ ചെയ്യപ്പെടുന്നുണ്ട് .
ചില മാറ്റപ്പെടുത്തലിൽ മാത്രം
വരികൾ ഞരങ്ങിക്കൊണ്ടിരിക്കും .

അന്തരീക്ഷത്തിലാകെ
വാക്കുകൾ കരഞ്ഞു നടക്കുന്നുണ്ട് .
അവയെ പിടിച്ചു വരുതിയിലാക്കാൻ
ഒതുക്കിനിർത്താൻ
പദാനുപദം ശോഭയേറ്റാൻ നിങ്ങളുണ്ട്.

ഇത്രയൊക്കെ പദസഞ്ചാരം നടത്തിയിട്ടും
ഒന്നും മനസ്സിലാകാതെ ഞാനീ
പ്രപഞ്ചത്തെ നോക്കിനില്ക്കുന്നു.
ഇനിയും ആരും വായിക്കാൻ തുടങ്ങിയിട്ടില്ലാത്ത
സാക്ഷാൽ പ്രപഞ്ചം...

ഒരു നക്ഷത്രത്തിന്റെ ദക്ഷിണാഫ്രിക്കൻ തിരിച്ചുവരവ്‌


അല്പം ചോരയും
ഒന്ന് രണ്ടു പല്ലുകളും .
കറുത്ത മണ്ണിന് ആദ്യ സമർപ്പണം .

കനച്ചു വിങ്ങിയ അഭിമാനത്തിന്റെ
തെരുവോരത്തിലിരുന്ന്
അലയടിച്ചുയരുന്നൊരു കറുത്ത സമുദ്രം
ആദ്യമായ് കണ്ടമ്പരന്നു .

ഹോയ് ഹോയ് വിളികളും ,
ചാട്ടവാറടികളും ,
പുകച്ചു പുറത്തിരുത്തലും ,
കൂട്ട മാനഭംഗങ്ങളും ചേർത്ത
മുഖംമൂടിയിട്ടൊരു മാതൃരാജ്യമുണ്ടായിരുന്നു ദൂരെ .

അപമാനത്തിന്റെ പുലർകാലങ്ങൾ
കണ്ടുണരുമ്പോൾ
തലകുനിക്കാനൊരു നീണ്ട പകലും ..

ഉറക്കത്തിൽ വെള്ളക്കാരനും,കറുത്തവനും
സ്വപ്നത്തിൽ ചേർന്നഭിനയിച്ചു .

രഥോൽസവങ്ങൾ ,
ആശ്വമേധങ്ങൾ ,
യാഗങ്ങൾ ,
പാതിവിജയവുമായെങ്കിലും
മഹാത്മാവ് .
സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുവരവ്‌ ......

പിന്നീട്
നവാഖാലിയിലും
അതിർത്തിപ്രദേശങ്ങളിലും
തോൽവിയുടെ രക്തക്കടലിൽ
എന്താണങ്ങ് തിരഞ്ഞുകൊണ്ടിരുന്നത് !!

അങ്ങ് ദൂരെ ഇരുണ്ട വനാന്തരങ്ങളിൽ
മെരുങ്ങാത്ത ഒരു പറ്റം മനുഷ്യരുണ്ടായിരുന്നു .
അവരെ നമ്മൾ കാട്ടാളർ എന്ന് വിളിച്ചിരുന്നു.
ഇന്ത്യക്കാർ അവരുടെ
മുൻഗാമികൾ ആണെന്നാണോ
അങ്ങ് പറഞ്ഞത്.

അവരുടെ കാലടയാളങ്ങൾ ആണോ
അങ്ങ് അവിടെ തിരഞ്ഞത്.
ഇന്ത്യ നീളെ ...
രക്തക്കടലിൽ അതെല്ലാം മാഞ്ഞുപോയല്ലോ മഹാത്മാവേ....

ഗാന്ധിജിയുടെ ചർക്ക


നൂലില്ലാത്ത ചർക്കയിൽ തടവി
ഗാന്ധിജി ഗതകാലസ്മരണകളിൽ മുഴുകി.
ചിലന്തിവലയാൽ കൊരുത്ത
അനക്കമില്ലാത്തത് .
ഗാന്ധിജിയും, ചർക്കയും .

രാജ്യത്തിലെ ദരിദ്രനാരായണന്മാരോടൊപ്പം
രാമപാദവും മനസ്സിലെ പ്രതിഷ്ഠ

ചിലന്തിവലബന്ധനത്തിൽ നിന്നും
ഇനിയൊരുയിർത്തെഴുന്നേൽപ്പില്ല .
ബഹിഷ്കൃതനായി നീങ്ങവേ
ശരീരത്തിൽ കുരുങ്ങി ചർക്കയും .

ശൂന്യമായ എന്റെ ഇരിപ്പിടത്തിലിരുന്ന്
എന്തിലാണിനിയവർ നൂൽ നൂൽക്കുക.
പ്രതീകാത്മകമായെങ്കിലും !!!

......

കാറ്റേറ്റിരിക്കുമ്പോൾ
കാറ്റിന്റെ കടമയെക്കുറിച്ചോർത്തു.
തഴുകലിനൊരു നന്ദി പറഞ്ഞു.

ചവുട്ടിനിൽക്കുമ്പോൾ
ഭൂമിയുടെ ക്ഷമയോർത്തു.
കൈത്താങ്ങിനൊരു നന്ദി ചൊല്ലി.

പാതിക്കണ്ണടച്ച്‌ മയങ്ങുമ്പോൾ
അവളുടെ ത്യാഗമോർത്ത്
പ്രേമത്തിനൊരു നന്ദി പറഞ്ഞു.

കടൽക്കരയിലിരിക്കുമ്പോൾ
തിരയുടെ മോഹമോർത്ത്
ക്ഷമയ്ക്കൊരു നന്ദി ചൊല്ലി.

കടലിന്റെയും
ആകാശത്തിന്റെയും
ഭൂമിയുടെയും
ജീവന്റെ തുള്ളിയായ ഞാൻ
ജീവിതത്തോട് നന്ദി പറയുന്നു...

മടുപ്പ്


ഒരു കവിതയിലങ്ങിനാണ്ടാണ്ട് പോണം.
ഓരോ വരിയും മറപിടിച്ചു നിൽക്കണം.
അടിത്തട്ട് വരെ.
ഒന്നുമറിയാതെ കഴിയണം.
കടമകൾ മറന്നെന്ന പരിദേവനങ്ങൾ,ശകാരങ്ങൾ
ഓളം വെട്ടിയെത്താത്തയിടമാവണം .

നന്ദി


മൗനം, പറയാനാവാഞ്ഞ
അല്ലെങ്കിലാവാത്ത
വാക്കുകൾക്കൊരു തടയണയാണ്.

പിടിവിട്ടു പോവാത്തൊരു
രൗദ്രതയ്ക്ക്
ഒരു പാലം വലിയ്ക്കലാണ്.

നിസ്സഹായതയുടെ
വരമ്പതിരുകളിൽ നിന്നും
കീഴടങ്ങലിന്റെ വാതിൽതുറക്കലാണ് .

വെറുപ്പിന്റെ ജ്വലനവേഗങ്ങളിൽ
ഉമിനീരിട്ടു കുഴച്ച
കൊഴുത്ത വാക്കുകളുടെ
വിഴുങ്ങലുകളാണ് .

എങ്കിലും മൗനമേ ...
നീയെന്നെയാണ്
സംരക്ഷിച്ചു നിർത്തിയത്..

മനുഷ്യരിൽ കവികൾ ഇല്ലാതായാലും ...


കവികൾ ഇല്ലാതായാലും
കവിതകൾ പിറന്നുകൊണ്ടേയിരിക്കും

സമുദ്രങ്ങൾ
മുളങ്കാടുകൾ
നീലാകാശം
പറവകൾ
നീലമലകൾ
മഴക്കാടുകൾ
എന്നിവ കവിതകൾ രചിച്ചുകൊണ്ടേയിരിക്കും.
ഉദാത്തകവിതകൾ .

കവിതകളില്ലാതെയെങ്ങിനെ
ജീവൻ നിലനില്ക്കുമെന്നോർത്തപ്പോൾ
വന്ന ഭയാശങ്കയിൽ പിറന്ന
വാക്കുകളാണിവ ..

അശ്ലീലം


ഞാൻ മറ്റുള്ളോരെ
നോക്കിക്കൊണ്ടിരിക്കുമ്പോഴാണ്
അവരെന്നെ
നോക്കിക്കൊണ്ടിരിയ്ക്കുന്നത്
ഞാൻ കാണുന്നത്.,,