സഹയാത്രികര്‍

Friday, January 27, 2017

ഒരു നക്ഷത്രത്തിന്റെ ദക്ഷിണാഫ്രിക്കൻ തിരിച്ചുവരവ്‌


അല്പം ചോരയും
ഒന്ന് രണ്ടു പല്ലുകളും .
കറുത്ത മണ്ണിന് ആദ്യ സമർപ്പണം .

കനച്ചു വിങ്ങിയ അഭിമാനത്തിന്റെ
തെരുവോരത്തിലിരുന്ന്
അലയടിച്ചുയരുന്നൊരു കറുത്ത സമുദ്രം
ആദ്യമായ് കണ്ടമ്പരന്നു .

ഹോയ് ഹോയ് വിളികളും ,
ചാട്ടവാറടികളും ,
പുകച്ചു പുറത്തിരുത്തലും ,
കൂട്ട മാനഭംഗങ്ങളും ചേർത്ത
മുഖംമൂടിയിട്ടൊരു മാതൃരാജ്യമുണ്ടായിരുന്നു ദൂരെ .

അപമാനത്തിന്റെ പുലർകാലങ്ങൾ
കണ്ടുണരുമ്പോൾ
തലകുനിക്കാനൊരു നീണ്ട പകലും ..

ഉറക്കത്തിൽ വെള്ളക്കാരനും,കറുത്തവനും
സ്വപ്നത്തിൽ ചേർന്നഭിനയിച്ചു .

രഥോൽസവങ്ങൾ ,
ആശ്വമേധങ്ങൾ ,
യാഗങ്ങൾ ,
പാതിവിജയവുമായെങ്കിലും
മഹാത്മാവ് .
സ്വന്തം മണ്ണിലേക്കുള്ള തിരിച്ചുവരവ്‌ ......

പിന്നീട്
നവാഖാലിയിലും
അതിർത്തിപ്രദേശങ്ങളിലും
തോൽവിയുടെ രക്തക്കടലിൽ
എന്താണങ്ങ് തിരഞ്ഞുകൊണ്ടിരുന്നത് !!

അങ്ങ് ദൂരെ ഇരുണ്ട വനാന്തരങ്ങളിൽ
മെരുങ്ങാത്ത ഒരു പറ്റം മനുഷ്യരുണ്ടായിരുന്നു .
അവരെ നമ്മൾ കാട്ടാളർ എന്ന് വിളിച്ചിരുന്നു.
ഇന്ത്യക്കാർ അവരുടെ
മുൻഗാമികൾ ആണെന്നാണോ
അങ്ങ് പറഞ്ഞത്.

അവരുടെ കാലടയാളങ്ങൾ ആണോ
അങ്ങ് അവിടെ തിരഞ്ഞത്.
ഇന്ത്യ നീളെ ...
രക്തക്കടലിൽ അതെല്ലാം മാഞ്ഞുപോയല്ലോ മഹാത്മാവേ....

No comments: