സഹയാത്രികര്‍

Tuesday, July 27, 2010

സിംഹം

വേട്ടയുടെ കുതിപ്പില്‍
അടിയറവ് പറയുന്ന ഇര.

തീറ്റ തുടങ്ങുമ്പോഴറിയാം
അത് വാലറ്റം മുതലേ തുടങ്ങൂ...

കടുത്ത കാമാസക്തി മൂലമാണോ?
വിശപ്പിന്റെ മാത്രം വിളിയോ?

പക്ഷെ വാരിയെല്ലിന്റെ
ഭാഗം വരുമ്പോള്‍
തരളിതനായിപ്പോകും .

ഹൃദയം മിടിക്കുന്നത്‌ അതിനടുത്താണല്ലോ!

ഒരു സീല്‍ക്കാരത്തോടെ സിംഹം
കാട്ടിലേക്ക് മറയുന്നതീസമയത്താണ് ..

Sunday, July 25, 2010

ചിതറി തെറിക്കുകയാണ് ഞാന്‍

എഴുതാനറയ്കുന്നതും
പറയാനുഴറുന്നതും
ഒരേ വാചകങ്ങള്‍.

കൂട്ടി കെട്ടിയ പായ്‌ വഞ്ചികള്‍
സഞ്ചാരങ്ങളുടെ
തുഴച്ചില്‍ ദൂരങ്ങളുടെ
അളവുകോലുകളില്‍
വിസ്മയപ്പെട്ടിരുന്നു.

കെട്ടുറപ്പിന്റെ ആഴങ്ങളില്‍
കഴുക്കോലുകള്‍ ഊന്നാനാവാതെ
ഓളപ്പരപ്പില്‍ ഒഴുകി നടന്നിരുന്നു.

ഒരു സ്വര്‍ഗ്ഗത്തില്‍ ഒരു ദേവന്‍.
ഒരു സൂര്യനില്‍ ഒരു പുണ്യോദയം .
ഒരു പകലില്‍ ഒരേയൊരു നിഴല്‍.
ഓരോ രാത്രിയിലും
ഒരേ മിഴിയനക്കങ്ങളും...

പുഷ്പഹാരങ്ങളില്‍
പുഴുക്കുത്തേല്ക്കാത്ത സൂക്ഷ്മത .
അനിവാര്യതയില്‍ പോലും
മിഴിയടഞ്ഞ മൌനം .

സമ്പാദ്യങ്ങളുടെ നീക്കിയിരിപ്പില്‍
കാത്തുസൂക്ഷിപ്പിന്റെ
പതിവ് തെറ്റാത്ത ശ്രദ്ധ .

ജനന മരണ വേളകളില്‍
കര്‍ത്തവ്യപ്പെരുമയില്‍
കൂട്ടുത്തരവാദിത്വം
വെണ്‍കൊറ്റകുട ചൂടി നിന്നിരുന്നു.

തീരങ്ങളിലുയര്‍ന്ന
ജനിതക സംസ്കാരത്തിന്റെ
സുവര്‍ണ്ണ ലിപികള്‍.
മാറ്റുരക്കുമ്പോള്‍
കണ്ണിമയടയുന്ന
വെണ്‍ നിറവ്.

എന്നിട്ടും..
അസ്തമനത്തിന്റെ
നേരറിവില്‍ ,
വിങ്ങിയടരുന്ന
അസ്വാസ്ത്യങ്ങളില്‍ ,
ചാവേറുകളായി
ജീവിതം പെരുപ്പിക്കുന്ന ,
ജീവ സന്താനങ്ങളുടെ
നിലയില്ലാ തുഴച്ചിലില്‍
വേറിട്ട്‌ വേറിട്ട്‌ പോകുന്ന
തന്മാത്ര സ്പോടനങ്ങളില്‍
മിടിക്കുന്ന ഒരു ഹൃദയമെങ്കിലും ...


ഞാനും ഇന്ന് കോടാനുകോടി
കഷ്ണങ്ങളായി ചിതറി തെറിക്കാന്‍
വെമ്പുകയാണ്....

Thursday, July 22, 2010

നിഴലുകള്‍

മരണം
------
അപരിചിതന്റെ
കാല്‍പ്പെരുമാറ്റത്തില്‍
മരണവീടിനുമേല്‍ പതിഞ്ഞ
അലസമായ താളം.

തേങ്ങലുകള്‍ക്കു മേല്‍
ഇരുളിലൂടെ
ഏങ്ങി വന്ന നിഴല്‍ .

സഞ്ചാരങ്ങളുടെ
കുതിപ്പുകള്‍ അടങ്ങിയ
നനഞ്ഞ മണ്ണിലേക്ക് തന്നെ.
വീണ്ടും..

കണ്ണീരിലൂടെ
എന്റെ ചിതയെരിയുകയാണ്.
നിലാവും മുറിഞ്ഞ നിഴലുകളും ..
കാഴ്ചകള്‍ അന്യമാവുകയാണിനി..

കര്‍ക്കിടകം
---------
പതുങ്ങി വന്ന
കര്‍ക്കിടക രാത്രിമഴയില്‍
ഈറനണിഞ്ഞ
കനവുകളോടോപ്പം
പടിഞ്ഞാറ്റയുടെ
വാതില്‍ തുറന്നു വന്ന്
എന്നെ പുല്‍കിയ
നിഴല്‍ ആരുടേതാണ് ?
ഒരു വിരല്‍തുമ്പ്‌
എന്റെ ശിരസ്സിലൂടെ ..
കരിമ്പന്‍ തോര്‍ത്തിന്റെ
എണ്ണ ഇഴുകിയ മണം.

തെക്കേ പറമ്പില്‍ ,
വാഴത്തോപ്പില്‍
നനഞ്ഞൊട്ടിയ ഒരു രൂപം.
കൊള്ളിയാന്‍ മിന്നി.
നീല ജാക്കറ്റ് , ചുവന്ന കരയുള്ള വേഷ്ടി ..

Sunday, July 4, 2010

അവള്‍ അനാമിക -- രണ്ട്


യാത്രകള്‍ക്കിടയില്‍
കണ്ട ഓരോ മുഖങ്ങളിലും
നിറഞ്ഞ് നിന്ന മൌനം
എന്നിലേക്ക്‌ വാക്കുകള്‍
ചൊരിഞ്ഞിട്ടത് കുമിഞ്ഞുകൂടുകയായിരുന്നു .

ഇടറിയ പാദങ്ങളാലും
തളര്‍ന്ന നോട്ടങ്ങളാലും
ഉള്‍ത്തരിപ്പാര്‍ന്ന ഉടലുകളോടെയും
യാന്ത്രികമായ ജീവിതത്തിന്റെ
അടിവാരങ്ങളില്‍
ഉപേക്ഷിച്ചു പോകുന്ന
കൈവെള്ളയില്‍ സൂക്ഷിച്ചതെന്തൊക്കെയോ...

ഒരിക്കല്‍ യാത്ര പറഞ്ഞപ്പോഴും
വീടകങ്ങള്‍ കൈനീട്ടി കരയുകയായിരുന്നു.
നീയായിനി തിരിച്ചുവരുമോ?
ഒരു പടര്‍വള്ളിയായി
നീ അള്ളിപ്പിടിക്കുമ്പോഴും
നിന്നെ കുടഞ്ഞെറിയുന്നതാരാണ്?

ഇരുളില്‍ തനിച്ചായോ നീ ?
പകര്‍ന്നുകിട്ടിയതെല്ലാം
മറവിയിലേക്ക് കമഴ്ത്തുന്നതോടെ
നിന്നകം ശൂന്യമാവുന്നതെന്തേ !

നിന്നിലെ ദിവ്യമായ സത്യത്തെ
പുലര്‍വെളിച്ചം ചേര്‍ത്ത് നേദിച്ച്
അര്‍പ്പിക്കുമ്പോള്‍
ഏറ്റുവാങ്ങാന്‍
പരിശുദ്ധമായ കൈകള്‍
ഇല്ലാതെ പോകുന്നല്ലോ!!