സഹയാത്രികര്‍

Thursday, July 22, 2010

നിഴലുകള്‍

മരണം
------
അപരിചിതന്റെ
കാല്‍പ്പെരുമാറ്റത്തില്‍
മരണവീടിനുമേല്‍ പതിഞ്ഞ
അലസമായ താളം.

തേങ്ങലുകള്‍ക്കു മേല്‍
ഇരുളിലൂടെ
ഏങ്ങി വന്ന നിഴല്‍ .

സഞ്ചാരങ്ങളുടെ
കുതിപ്പുകള്‍ അടങ്ങിയ
നനഞ്ഞ മണ്ണിലേക്ക് തന്നെ.
വീണ്ടും..

കണ്ണീരിലൂടെ
എന്റെ ചിതയെരിയുകയാണ്.
നിലാവും മുറിഞ്ഞ നിഴലുകളും ..
കാഴ്ചകള്‍ അന്യമാവുകയാണിനി..

കര്‍ക്കിടകം
---------
പതുങ്ങി വന്ന
കര്‍ക്കിടക രാത്രിമഴയില്‍
ഈറനണിഞ്ഞ
കനവുകളോടോപ്പം
പടിഞ്ഞാറ്റയുടെ
വാതില്‍ തുറന്നു വന്ന്
എന്നെ പുല്‍കിയ
നിഴല്‍ ആരുടേതാണ് ?
ഒരു വിരല്‍തുമ്പ്‌
എന്റെ ശിരസ്സിലൂടെ ..
കരിമ്പന്‍ തോര്‍ത്തിന്റെ
എണ്ണ ഇഴുകിയ മണം.

തെക്കേ പറമ്പില്‍ ,
വാഴത്തോപ്പില്‍
നനഞ്ഞൊട്ടിയ ഒരു രൂപം.
കൊള്ളിയാന്‍ മിന്നി.
നീല ജാക്കറ്റ് , ചുവന്ന കരയുള്ള വേഷ്ടി ..

2 comments:

Unknown said...

നിഴല്‍ ആരുടേതാണ് ? മരണത്തിന്റെയൊ?..............നന്നായിരിക്കുന്നു

yousufpa said...

നനഞ്ഞൊട്ടിയ രൂപം ആരുടേതാണ്‌?.
കവിത നന്നായി.