സഹയാത്രികര്‍

Sunday, April 29, 2012

ഖബര്‍ഒരു കൈ സ്പര്‍ശം ,
അല്ലെങ്കില്‍ ഒരു തീപ്പൊരി .
അതുമല്ലെങ്കില്‍ മറഞ്ഞിരുന്ന്
അന്യന്റെ നിയന്ത്രണം .
അപ്പോഴും അകാരണമായ്
പൊട്ടിത്തെറിക്കേണ്ടത് ഞാന്‍ മാത്രം.
പൊട്ടിയടരുന്നത് ഞാന്‍ മാത്രം.

നിശബ്ദമായ് ഒരു വിളിയെനിക്ക് കേള്‍ക്കാം.
എന്റെ പുഴയുടെ , തെളിമയുടെ, പച്ചയുടെ വിളി.
പച്ച മണ്‍കൂനയില്‍ അലിയുന്നത്
ചന്ദനത്തിരി ഗന്ധവും, നിശ്വാസങ്ങളും .

നാട്ടുവഴിയിലൂടൊരു ഘോഷയാത്ര ,
ഉറൂസിന്റെ വെള്ളിത്തിളക്കങ്ങളില്‍
മന്ദമാടുന്നു നീളന്‍ കൊടികള്‍ .
ഇടവഴിയില്‍ ചൂട്ടുകറ്റകള്‍ ,
അസ്സൈനാര്‍ക്കയുടെ കോല്‍ക്കളിപ്പാട്ട് ,
വിരുന്നു വന്ന കുഞ്ഞാലിക്ക.
കഥയുടെ വെള്ളിക്കൊലുസുകള്‍ ഞാത്തിയിട്ട
കിനാവിലെ സുന്ദര രാവുകള്‍ ....

ശൂന്യം. ശൂന്യം .

ശൂന്യതയില്‍ നിന്നും
ഒരനിഷ്ടവും പ്രകടിപ്പിക്കാതെ ഇഷ്ടപ്പെട്ടു പോവുന്നു.
പുലര്‍കാലത്തെന്നോ, പാതിരയെന്നോ വ്യത്യാസമില്ലാതെ
വിളിച്ചുണര്‍ത്തി ഒരു കെട്ട് വാക്കുകള്‍ തരും .
ഇരമ്പലോടെ വന്നു പോകുന്നത് അറിയാം .
ദൃഷ്ടിയില്‍ പെടാതെ മാറിനില്‍ക്കുന്നുവെന്നും അറിയാം .
തൊട്ടാല്‍ തരളിതയാവുന്നത് അനുഭവപ്പെടും .
പലപ്പോഴും ശൂന്യതയില്‍ വിലയം പ്രാപിക്കുമ്പോഴേ
മടങ്ങിയതായി മനസ്സിലാക്കപ്പെടൂ .
അപ്പോള്‍ മാത്രമേ ശൂന്യതയിലെ ഒരിടം
എന്താണെന്ന് വേര്‍തിരിഞ്ഞു വരുള്ളൂ.
വാക്കുകള്‍ ഒരു വലയത്തില്‍പെടുമ്പോള്‍
പതുക്കെ താളത്തോടെ കടന്നു വരും.
ചിലപ്പോള്‍ കളത്തില്‍ നിന്നും പിന്മാറി
മുടിയഴിച്ചിട്ട് അലറിവിളിച്ച്‌ അപ്രത്യക്ഷയാകും .
മറ്റു ചിലപ്പോള്‍ ഒരു നറുപുഞ്ചിരിയോടെ
വിരലില്‍ ഒന്ന് സ്പര്‍ശിച്ച് കടന്നു പോകും.
എന്നും പെയ്തുതീരാതെ മാത്രമേ
അവള്‍ മടങ്ങിപോവാറുള്ളൂ ....

സ്നേഹ മഴ നനഞ്ഞുകൊണ്ട് ( ഒരു തീക്കുനി മഴ )മഴയില്‍ കുതിര്‍ന്നൊരു ദിവസം ആയിരുന്നു ഇന്നലെ
മഴയെ അറിയാന്‍ ശ്രമിച്ച ദിവസം.
മഴയുടെ ഗന്ധം അറിയാന്‍ കഴിഞ്ഞത് ,
മഴയെ ചുംബിച്ചത്
എന്നിലേക്കും പെയ്തു വീണതും,
മഴയെ വാരി പുണര്‍ന്നതും,
മഴയില്‍ അലിഞ്ഞു ചേര്‍ന്നതും ,
മഴയോടൊപ്പം നനഞ്ഞതും
ഇന്നലെ ആയിരുന്നു.
മഴ കയ്യൊപ്പിട്ടൊരു പുസ്തകവും തന്നു..
പൊള്ളുന്ന മഴയെന്ന് മനസ്സില്‍ പറഞ്ഞ്
മഴയുടെ പടവുകള്‍ ഇറങ്ങി ഞാന്‍.....
ഒരു തണുത്ത മഴക്കാലത്ത് വീണ്ടും വരുവാന്‍....

ഹൃദയം ? അതെവിടെയാ ?കാണുമ്പോള്‍ കാണാം
നോക്കുമ്പോള്‍ നോക്കാം
അറിയുമ്പോള്‍ അറിയാം
ഇവനോ മനുഷ്യന്‍ ......

ഒരു കവിത എന്നില്‍ തുടിക്കുന്നുണ്ട്

അത് വേണമെങ്കില്‍ ഒരിടവഴിയിലൂടെ പോയി കണ്ടെത്താം .
ഒരൂടുവഴിയിലൂടെ നൂണ്ടിറങ്ങി ................

ഈ വഴിയൊന്നും മനുഷ്യന്‍ വരാറില്ലെന്നും
പ്രാകിക്കൊണ്ട്‌ മറ്റാരോ....

ഒരു കല്ലില്‍ രാകിക്കൊണ്ട്
ഒരു കല്‍ ദൈവം പ്രസവിപ്പിക്കാന്‍
ഇന്നൊരു നീലിയില്ല.............

അവള്‍ക്കേ...
ഒറ്റ രൂപക്ക് കിട്ടുന്ന റേഷനരി വാങ്ങണം.....
ഇടവഴി കടന്നത്‌
മൂപ്പര്‍ക്ക് വില്‍ക്കണം .

ലോ ഫ്ലോര്‍ ബസ്സ്എന്റെ നഗരം
എന്റെ ബസ് സ്റ്റാന്റ്
എന്റെ അളിഞ്ഞ ഇടവഴിയോരങ്ങള്‍..
നഗരത്തില്‍
മരിച്ച നദി -
യെന്നിലൂടൊഴുകുന്നത് .
ഠിംങ്ങ് .... ഠിംങ്ങ്
ചായ ... ചായ
ഒരു മാറ്റവുമില്ല.
നദിയപ്പോഴും നിശബ്ദമായ് ..

ഭീമാകാരമായ
ഫ്ലാറ്റുകളിലേയ്ക്
അളിഞ്ഞ മണം ഒരു മഴക്കുമിളയായ്...
ചിലപ്പോള്‍ ഒരു ദൂതന്റെ രൂപത്തിലും
സംതൃപ്തിയോരങ്ങള്‍ സൃഷ്ടിക്കുന്നു.

ഈ ലോ ഫ്ലോര്‍ ബസ്സില്‍
ശീതളിമയുണ്ട് .
എന്നിട്ടും നിങ്ങള്‍ ഉണ്ടാക്കിയ
ആ ഉയര്‍ച്ചയും , താഴ്ചയും ഉണ്ട് .
പക്ഷെ...
ഈ ഉയര്‍ച്ചയും, താഴ്ചയും
ഞങ്ങള്‍ക്ക് നല്കുന്ന ആ സൌകുമാര്യം ....
ഈ അതിര്‍ത്തി സൃഷ്ടിക്കുന്ന സുഖം ...

മീസാന്‍ കല്ലുകള്‍കടല്കാറ്റേറ്റ് മയങ്ങുന്നു
അത്മാവുകളും, നിശ്വാസങ്ങളും .
ശക്തമായ കാറ്റില്‍ പോലും
ഒന്നും അകലേയ്ക്ക് മാറ്റപ്പെട്ടില്ല,
വഴിമാറി പോയതുമില്ല.

മരണത്തിന്റെ നഗ്നമായ ചിഹ്നം .
മീസാന്‍ കല്ല് .
ആത്മാക്കളുടെ
തണുത്ത ഇരിപ്പിടം .
കശുമാവിന്‍ പൂക്കള്‍
ചുംബിച്ചു വീഴുന്ന
നനുനനുത്ത പ്രതലം .
ജീവാത്മാവും, പരമാത്മാവും
ജീവനെ പുണരുന്നയിടം .
നെഞ്ചില്‍ ആഴ്ന്നിറങ്ങിയ
മീസാന്‍ കല്ലുകളാണത്രെ
തലയ്ക്കലും മരണടയാളങ്ങളായ് വരുന്നത്!!.

ചന്ദനത്തിരിപ്പുകയാല്‍
സൃഷ്ടിക്കപ്പെട്ട പാതയിലൂടെ
ഒരിയ്ക്കല്‍ ഞാന്‍ സ്വര്‍ഗ്ഗകവാടം കണ്ടു .
അപ്പുറം നരകത്തില്‍
ദീനസ്വരങ്ങള്‍.

ആകാശത്തില്‍ നിന്ന് നോക്കുമ്പോള്‍
കൂര്‍ത്ത മുനകള്‍ മാത്രം.
നോവറിവിനും, ഈര്‍ഷ്യകള്‍ക്കും നടുവില്‍
ഞാനപ്പോള്‍ സൃഷ്ടിക്കപ്പെട്ട
ലോകത്തായിരുന്നു.
ഒരു തൃശങ്കു ..........

സ്മാരകങ്ങള്‍ഒറ്റ രൂപ വാടക കൊടുത്ത്
ഞാന്‍ നിന്റെ പ്രണയം
കാത്തു സൂക്ഷിച്ചു..

ഏകാന്തതയുടെ പച്ചത്തുരുത്തില്‍
നമ്മള്‍ സല്ലപിച്ചു.
സ്മാരകശിലയില്‍ നിന്നും
ഊര്‍ന്നിറങ്ങി നീ നിശ്വസിച്ചു.
ഏണിപ്പടികള്‍ കയറി വന്ന കൊതുകങ്ങള്‍
നമ്മളെ നോക്കി ചിരിച്ചു .
ഒടുവില്‍ അവസാനത്തെ വാടകയും കൊടുത്ത്
ഞാന്‍ നിന്റെ പ്രണയത്തിലേക്ക്
തിരികെ നടന്നു കയറി ......

ചിന്തനിന്നില്‍ നിന്നും നീ ഊര്‍ന്നുപോയപ്പോള്‍
നീ യോഗിയായി .
എന്നില്‍ നിന്നും നീ പടിയിറങ്ങിയപ്പോള്‍
ഞാന്‍ ഭ്രാന്തനുമായി .
------ 2 -------
സൂര്യനും ചന്ദ്രനും
അഹങ്കരിച്ചോട്ടെ .
ഒരസ്തമയം
അവര്‍ക്കുമുണ്ടല്ലോ നിശ്ചയം.

-------3 ----------
ഞാന്‍ പറഞ്ഞു ഞാന്‍ കേട്ടു.
നീ പറഞ്ഞു ഞങ്ങള്‍ കേട്ടറിഞ്ഞു.

അവള്‍ അനാമിക --- 3പറഞ്ഞറിവിലായിരുന്നു തല കുനിച്ചു കൊടുത്തത് .

ആലിലപ്പൊന്‍ മൃദുദളമായ് കൂമ്പി നിന്നു.
യാത്രയില്‍ നീളെ കാഴ്ച കാണിച്ചു തന്നു.

വലതുകാല്‍ വെപ്പ് നൂറോളം കണ്ണുകള്‍ക്ക്‌ വേണ്ടി.....

കാടരുകിലായിരുന്നു വീട്....
മയിലുകള്‍, മാന്‍ എന്നിവ കുണുങ്ങി കുണുങ്ങി വന്നിരുന്നു.
മുളംകാടിനരുകില്‍ ഒരു മയില്‍ പീലി വിടര്‍ത്തി
വിറപ്പിച്ചത് ശ്രദ്ധയോടെ നോക്കുമ്പോളായിരുന്നു
എന്റെ കന്യകാത്വം കാടന്‍പൂച്ച കവര്‍ന്നത്.

ഒരിക്കല്‍ കാട് കാണാന്‍ കൊണ്ടുപോയി .
രാജസിംഹം ഉറങ്ങിയ ഗുഹ കാണിച്ചു തന്നു.
താനൂറി ചിരിച്ചു.
ഇപ്പോള്‍ കാട്ടില്‍ സിംഹങ്ങള്‍ ഇല്ലത്രെ .
കുറുക്കനുറങ്ങിയ ഗുഹ കാട്ടിത്തന്നു .
പനംകുരു കാട്ടം ചിതറിയ ,
ചൂടുള്ള ചൂര് നിറഞ്ഞ നാറ്റം.
ചില രാത്രികളില്‍ എന്നെ പുല്‍കുന്ന നാറ്റം.
എന്നിലേക്ക്‌ അളിഞൊഴുകുന്ന ചൂര് .
എന്റെ കാമനകളെ ഇപ്പോള്‍ ഉണര്‍ത്താതെ
ചവര്‍പ്പുനീര്‍ തരുന്ന ചൂര്...

അന്ന് കാട്ടില്‍ നിന്നും ഇറങ്ങിയതാണ്....
പിന്നീടിന്നുവരെ കാടും, നാടും എനിക്കന്ന്യമാണ് .

മഴഗാനംഇന്ന് പുതുമഴ പെയ്തു വീണത്‌
എന്റെ വ്യഥയിലേയ്ക്കാണ്.
ആദ്യമഴ സഹസ്രാരവങ്ങള്‍ തീര്‍ത്തെന്ന്
സുഹൃത്തിന്റെ സന്ദേശം.
മഴയിലെയ്ക്കൊരു വെയില്‍ വീണു കിടന്നു.
കുട്ടിക്കാലം ആര്‍ത്തുചിരിച്ചു ...
"കുറുക്കന്റെ കല്ല്യാണം "
വീണ്ടുമൊരു സന്ദേശാറിയിപ്പ്‌ ....
" മഴയെന്നെ അറിയുന്നു "
ദൂരത്തൊരു സന്തോഷം .
അരികിലൊരു മര്‍മ്മരം.
ഹൃദയം വ്യഥയൊഴിഞ്ഞു പാടുന്നു ..
മഴയോടോത്തു പാടുന്നു.....

അച്ഛന്‍ഭയങ്കര സ്നേഹം ആയിരുന്നു.
രാവിലെ പോകുമ്പോള്‍ ഒരു മുത്തം .
മോളേഎന്നൊരു വിളിയും .
വൈകീട്ട് വരുമ്പോള്‍ ഒന്നുകൂടെ.
രാത്രിയില്‍ കിടക്കകരുകില്‍
പതുങ്ങി വന്നൊരു മുത്തം കൂടെ....
പക്ഷെ അതച്ഛനായിരുന്നില്ല...
ഏതാണ്ട് അതെ ച്ഛായ മാത്രം ...
അപ്പോഴും വിളിക്കും മോളേയെന്ന്...