സഹയാത്രികര്‍

Monday, May 28, 2012

ആരോ വന്നു പോകുന്നുമഞ്ഞ് നേര്‍മ്മയായി പെയ്യുന്നുണ്ട്.

ആരോ മനസ്സില്‍ കോറി വരയ്ക്കുന്നുണ്ട്.
കണ്ണടച്ച് മഞ്ഞ് കൊള്ളുന്നുണ്ട് .
ഉള്ളിലൊരു ചിത്രം വരച്ചാരോ യാത്രയായി.

കൈ ചൂണ്ടി നടത്തുന്നുണ്ട്.
തുറന്ന മൈതാനത്തിലേയ്ക്ക്‌.
ഒരു പുല്കൊടിക്കും നോവാതെ
നടക്കണമെന്ന് മൊഴിയുന്നുണ്ട്.

കല്ലത്താണിയില്‍ പുറം ചൊറിയുന്ന
കഴുതയാവരുതത്രേ !
യാത്രികര്‍ക്ക് ഏതിരവിലും
ഒരു തിരിനാളം ബാക്കി വെക്കണമത്രേ!

ശിശുവായി ചിരിക്കുകയെന്നും
മൃദുവായി മൊഴിയുകയെന്നും
ഉണര്‍ന്നുറങ്ങുകയെന്നും
മെല്ലെ ചരിക്കുകയെന്നും ..
ആരോതുന്നു..!
ആരോ വിലക്കുന്നു !
വാതിലില്‍ മുട്ടി മുട്ടി കൈകുഴഞ്ഞൊരു സ്വരം ...
" വാതില്‍ തുറക്കൂ .... വാതില്‍ തുറക്കൂ "

Tuesday, May 22, 2012

രമയും, മീനാക്ഷി ടീച്ചറും പറയുന്നത്കോളം നിറയെ ഒന്ന് കരഞ്ഞു പോട്ടെ ഞങ്ങള്‍ .

ജീവിതം ചീന്തിയെടുത്തവര്‍ക്ക് തന്നെ
ഞങ്ങള്‍ കണ്ണീരും പങ്കുവെക്കുന്നു .

ആരോ പറയുന്നു , ഞങ്ങള്‍ റീ ചാര്‍ജ് ചെയ്ത ബാറ്റെറികള്‍ .

ആരോ ഊതിവീര്‍പ്പിക്കുന്ന ബലൂണുകള്‍ .

ഒരു കത്തിയുഴിച്ചിലില്‍ ,

ഒരു വാള്‍ വീശലില്‍ ,
ഒരു നെടുനിശ്വാസം ഞങ്ങള്‍ കേട്ടു.

പുലരിയിലെ സൂര്യനും
അന്തിമേഘങ്ങളുടെ മേല്‍
ചരമക്കുറിപ്പ് എഴുതുന്നവനും ഏറ്റുമുട്ടി .

ചോരയും, നീരും അവസാനം പങ്കുവെച്ചെടുത്തപ്പോള്‍
കണ്ണീരുപ്പിനു നികുതി കൂട്ടി.

ഹൃദയപാരാവാരക്കരയില്‍ ഞങ്ങള്‍ ഉപ്പു കുറുക്കുന്നു.
കുറുവടിയും , വരിയോലകളുമായ് ഇനി ആരെങ്കിലും വരാനുണ്ടോ ?

Saturday, May 19, 2012

ക്ഷമിക്കണംഎന്റെ മുഖത്തു വെട്ടരുത് .
എന്റെ പാതിയുറക്കത്തില്‍
ഹൃദയത്തോട്
ചേര്‍ത്തുറങ്ങുന്ന
ഒരു പെണ്‍കുട്ടിയുണ്ട് ....

Friday, May 18, 2012

അപ്പൂപ്പന്‍ താടിലാഘവത്വം അനുഭവിക്കുന്നുണ്ടോ !
പൊട്ടിവിടര്‍ന്ന് ആലംബമില്ലാതെ വായുവില്‍ .

കാറ്റൊരുഴുക്കാണ്.....
അമ്മേയെന്നു മൊഴിഞ്ഞ്‌ ഞാനും കൂടെ.
കാറ്റൊരു നില്‍പ്പാണ്.
ആ നില്‍പ്പില്‍ ആണ് നൂറു ചിറകുകള്‍ വീശി
ഞാനൊന്ന് ഉന്മേഷവാനാവുന്നത് .

പിന്നീടുള്ള കാറ്റൊഴുക്കില്‍
ദിക്കറിയാതെ
ദിശയറിയാതെ
നിലനില്‍പ്പറിയാതെ ഒരു പോക്കാണ്.

ചിലപ്പോള്‍ ഒരു പൂവിന്റെ രാത്രി സല്ലാപങ്ങളില്‍
ചുണ്ടിലെ പുഞ്ചിരിയാവും ഞാന്‍.

പുലര്‍ക്കാല കാറ്റില്‍ വീണ്ടും യാത്ര.

ഇന്നെന്റെ നിറം ചുവപ്പാണ്.
കവലയിലെ തളം കെട്ടിയ ചോരകുണ്ടില്‍
കാറ്റോടൊപ്പം  ഞാന്‍ ചെന്ന് വീണു.
അല്ലെങ്കില്‍ കാറ്റെന്നെ വീഴ്ത്തിയതുമാവാം .
പിന്നീട് കാറ്റിനെ കണ്ടിട്ടില്ല.
നിയമപാലകര്‍ വലിച്ചു കെട്ടിയ റിബണുകള്‍ക്കുള്ളില്‍
ഞാനൊരു തടവുകാരനായ് .

നിറം ചുവപ്പാണ്.
കണ്ണിലും, മൂക്കിലും, വായിലും , ചെവിയിലും
രക്തം കയറിയതിനാല്‍
ഞാനെന്നെത്തന്നെ കാണുന്നില്ല...
എന്റെ മുകളില്‍ ആകാശം കനക്കുന്നു.
 പക്ഷെ മഴയെന്നെ...?