സഹയാത്രികര്‍

Sunday, October 26, 2008

ദീപാവലി .........

ആയിരം ചെരാതുകള്‍ തെളിയുമ്പോള്‍
കാഴ്ച്ചകളില്‍ മയങ്ങി ഉണരും ചിത്രങ്ങള്‍ ...
ഏതു വനാന്തരങ്ങളില്‍ വരച്ചതാണീ ചിത്രം..?
എവിടെ കൊളുത്തിയതാണീ നാളമാദ്യം ?
അവിടെ നാം നില്‍ക്കുന്നിപ്പോഴും....
ഒരു ചുവടും മുന്നോട്ടു വെക്കാതെ..
ആരീ ചെരാതില്‍ എണ്ണ നിറക്കുന്നു?
അതിന്നെന്തേയിത്ര കറുത്തുപോയ്?
എണ്ണയല്ലിത് .. ചോരയാണ് .. കട്ടചോര..
ഇതില്‍ എങ്ങനെ ഞാന്‍ തിരിമുക്കി തെളിക്കും..?
ആരോഴുക്കും കണ്ണീരില്‍
ഞാന്‍ ദീപമോളിപ്പിക്കും ?
ഏതു ഹൃദയത്തില്‍ ഞാനിത് കൊളുത്തും..
ദീപമണഞയെന്‍ ഹൃദയത്തിലാദ്യം കൊളുത്തട്ടെ..
പകരട്ടെ ഹൃദയങ്ങളിലേക്ക് ...
ഇത് ആയിരം ജ്വാലാമുഖികള്‍ ആവാന്‍
എന്‍റെ ജീവനും ബലിനല്‍കിടാം ..

Thursday, October 16, 2008

കാറ്റ് പറത്തികൊണ്ടുപോവുന്നത് .......

എനിക്കറിയാം ..
മനസ്സിനെ ..
തീരാവ്യഥകള്‍ കൊണ്ടുപോവുന്നത്
ഏതോ മണലാരണ്യത്തിന്‍റെ
ഗഹനതകളിലേക്കാണ്‌..
വിരഹത്തിന്റെ മുള്‍ചെടിക്കാടുകളില്‍
ചോരവാര്‍ന്ന ഹൃദയം ..
കാറ്റു മേയാന്‍ വിടുന്ന
പകലിന്‍റെ ഉഷ്ണ സഞ്ചാരങ്ങള്‍..
ഒരു തുള്ളി ജലത്തില്‍
കനവിലെ ഒരായിരം മുഖങ്ങള്‍ .
എന്‍റെ ജീവിതം ..
എന്‍റെ പ്രാണന്‍ ...
എന്‍റെതെല്ലാം .. എല്ലാം...
പകലിന്‍റെ ഉഗ്രതയിലും
വേവാത്ത വില്പന ചരക്ക്‌...
അകലങ്ങളിലെ
ആളിതെളിയുന്ന
മൃഗതൃഷ്ണയില്‍
ആവിയായി പോവുന്ന
കാത്തിരിപ്പുകള്‍ ..
ഒരു കരിഞ്ഞ പുല്‍ നാമ്പിനും
പിടിവിടാത്ത ജന്മ്മത്തിനുമിടയില്‍
കാറ്റു പറത്തികൊണ്ടുപോയ ജീവിതം..
ഇലവീഴാ മരുഭൂവില്‍
അലിഞ്ഞുപോയ കന്മദം ...
അതിശൈത്യരാവുകളില്‍
അനന്തതയില്‍ ,
നിലാവില്‍ ,
നിഴല്‍ വീഴ്ത്തുന്ന സഞ്ചാരപഥങ്ങള്‍..
രൂപം മാറുന്ന നിഴലുകള്‍ ..
പകലുകളുടെയും, രാവുകളുടെയും
നീളുന്ന യാത്രക്കൊടുവില്‍
ഏതൊരു കൂടാരത്തിലെ
തണുപ്പില്‍ ഞാനുറങ്ങും..?
മറ്റൊരു ഉണര്‍വിലേക്ക്
കുതിക്കാനായ് ..??

Thursday, October 2, 2008

അവള്‍.. അനാമിക ...

മഴ പെയ്തു തീരുവോളം
കാത്തു ഞാന്‍ നിന്നെ...
ഇനി ബാക്കിയൊന്നുമില്ല..
അവശേഷിച്ച ജലകണങ്ങള്‍
കാറ്റിന്‍ ചെയ്തികളാല്‍
പനിനീര്‍ വര്‍ഷമാവുന്നു....
നിനക്കേറ്റം ഇഷ്ടം എന്തായിരുന്നു...?
ഈ ജാലകത്തിനപ്പുറം
ഓര്‍മ്മകളുടെ ഇരുളാര്‍ന്ന
വനസ്ഥലികളിലൂടെ നീ
പോയ് മറഞ്ഞതെവിടെ ?
ക്ലാസുമുറികളുടെ ദൈന്യതയില്‍
സന്ദേശങ്ങളുടെ മുഖാവരണങ്ങളില്‍
കൊഴിഞ്ഞുപോയ നിന്‍ വിസ്മയങ്ങള്‍ ...
മനസ്സിന്‍റെ വിഹ്വലതയില്‍
കാഴ്ചകള്‍ എല്ലാം നിനക്ക്
അന്യമായോ?
ശേഷിക്കുന്ന ...
നീ അടര്‍ത്തിയിട്ട പൂക്കള്‍ക്കിടയില്‍
ഒരു കാവല്‍ക്കാരന്റെ രൂപമോ എനിക്ക്?
ആരായിരുന്നു നീ എനിക്ക് ...??
കാണാതെ പോയ പുറം കാഴ്ചകളില്‍ നിന്നും ,
അനന്തതയില്‍ നിന്നും,
എന്നിലേക്ക്‌ പറന്നടുത്ത
നീലവര്‍ണ്ണ പക്ഷി ...
നിന്നില്‍ നിന്നും ഊര്‍ന്നു വീണ നിന്‍റെയിളം
തൂവല്‍...
എന്‍റെ നെറ്റിമേല്‍ ഉഴിയുകയാണ് .
അദൃശ്യമായ ഒരു വിരല്‍ സ്പര്‍ശം .
അത് നീയായിരുന്നു..
നീയെന്ന അനാമിക .
പേരില്ലാത്തവള്‍ .
എന്‍റെ ഉടപ്പിറന്നോള്‍..