സഹയാത്രികര്‍

Tuesday, September 30, 2008

....................

ആരോട്മൊന്നുമുരിയാടാത്തത്കൊണ്ട്
ഞാനിന്നൂമയായി..
ആരെയുമൊന്നുനോക്കാത്തത് കൊണ്ട്
ഞാനിന്നന്ധനായി ...
ആരുടേയും വാക്കുകളെ കേള്‍ക്കാത്തത് കൊണ്ട്
ഞാനിന്നു ബധിരനുമായി ...

Friday, September 26, 2008

നാലുമണിപൂവിനോട് ........

സമയക്രമത്തിന്റെ
ഒതുക്കുകല്ലുകളിലൂടെ ...
കര്‍ത്തവ്യ നിര്‍വഹണത്തിന്റെ
ആദിയടയാളങ്ങള്‍ കാത്തു സൂക്ഷിച്ചുകൊണ്ട്‌ ...
ഒരു യാത്രാന്ത്യത്തിന്‍റെ
ശുഭമംഗളങ്ങള്‍ ചൊല്ലികൊണ്ട്‌ .
സായന്തനത്തിന്റെ
വര്‍ണ്ണാഭയിലേക്ക് ..
നീ പുതിയൊരു
പൂവായ് വിരിയുന്നു...
ഒരു നാലുമണിപൂവായ്....
മറ്റൊരു സായന്തനത്തിന്റെ
നിറങ്ങളിലേക്ക് നീ കണ്‍ തുറക്കില്ലെന്നും
ഞാന്‍ അറിയുന്നു...
യാത്രയുടെ നീളം അളന്ന ഞാന്‍
പിന്‍വാങ്ങുന്നു...
നിന്നെ വേദനിപ്പിച്ചു കൊണ്ടും....
നിന്നെ കരയിപ്പിച്ചു കൊണ്ടും..

മഴവില്‍ ചിത്രങ്ങള്‍ ...

പുറത്തെ ഇരുട്ടിനു കറുത്ത
കട്ടിയേറിയ പാട..
വാനിലെ കറുത്ത മേഘങ്ങള്‍ക്ക്
തുള വീഴ്ത്താന്‍ കഴിയാത്ത കാഠിന്ന്യം ..
കൂര്‍ത്ത കണ്ണുകളുള്ള,
കറുത്ത മനസ്സുള്ളവരില്‍
തുളച്ചു കയറാത്ത സ്നിഗ്ദ ഭാവന ..
എന്നാല്‍ ....
വാനിലെ പൂര്‍ണ്ണ ചന്ദ്രന്
പാലുപോലുള്ള സുതാര്യമായ
ഒരു ആവരണം..
ഊഷ്മള വസന്തകാലത്തിനു
മഞ്ഞിന്‍ പാളികളില്‍ പ്രതിബിംബിക്കുന്ന
നവനീത ഹൃദയ കുസുമം..
സ്വപ്‌നങ്ങള്‍ തിളങ്ങുന്ന കണ്ണുള്ളവനും,
ആത്മാവിന്‍റെ ഭാഷ
സുന്ദരമായി രചിക്കുന്നവനുമായ
അവന്‌
താരകള്‍ മിന്നുന്ന മാനസം..
അവിടേ ഞാന്‍ കീഴടങ്ങുന്നു...
ഈ സന്ധ്യയില്‍
അര്‍ദ്ധ ശ്യാമനിറം കലൊര്‍ന്നോരീ സന്ധ്യയില്‍ ,
ഇവിടെ തളര്‍ന്നു വീഴുന്ന നിശബ്ദതയില്‍,
പിന്തിരിഞ്ഞു നോട്ടം ,
മുന്നോട്ടെക്കൂന്നല്‍ നല്‍കല്‍ ,
ഇവക്കൊന്നും തന്നെ പ്രസക്തമായ വിചിന്തനങ്ങളില്ല.
പുനര്‍ ചിന്തനത്തിന്റെ
ഒരു പദ്ധതി പോലുമില്ല...
രാത്രി,
വഞ്ചിതയാക്കപെട്ട രാത്രി
കടന്നുവരുമ്പോള്‍
മനസ്സില്‍നൈര്‍മ്മലല്യ പുഷ്പങ്ങള്‍ വിരിയും..
അവളുടെ പാദചലനത്തില്‍ ,
പീഡിതയുടെ,
അപമാനിതയുടെ,
വിരഹിണിയുടെ ..
ദാഹം നിറഞ്ഞ ശബ്ദങ്ങള്‍ .
ഒടുവില്‍,
നിശാഗന്ധി രാത്രിയോട്‌ ചോദിച്ചു:
" എന്‍റെ സഹജീവിയായ പനിനീര്‍പൂവിനെയെന്താണ്
മുള്ളുകള്‍ക്കിടയില്‍ സൃഷ്ടിച്ചത് ."
രാത്രി മൗനം പാലിച്ചു.
മൗനം മുള്‍മുനകള്‍ക്കിടയില്‍ -
കിടന്നു പിടഞ്ഞു...

ബുദ്ധിജീവികള്‍ ...

വയല്‍വരമ്പില്‍ കൂടി
തോള്‍സഞ്ചി തൂക്കി നടക്കുകയാണ് ഞാന്‍...
ഗ്രാമം..പിച്ചിചീന്തിയെറിഞ്ഞ കിനാവുകള്‍..

ഞാന്‍ നടന്നു..
ആലംബമില്ലാത്ത തേങ്ങല്‍...
ഒടുവിലെത്തിയവനും ഗര്‍വ്വിഷ്ടനായിരുന്നു ..
പക്ഷെ അവന്‍ വാചാലനായിരുന്നു .
ജീര്‍ണിച്ച പകലുകളുണ്ടായിരുന്നു..
വേഷം മാറാത്ത സന്ധ്യകളും..
എങ്കിലും..
അനിയന്ത്രിതമായ വികാരങ്ങള്‍
പല്ലിളിച്ചു, മുഖം കുത്തിവീണു ,
അവയില്‍ മൃദു മന്ദഹാസം
വേരറുത്ത കാപട്യങ്ങളായി .
തല്‍സ്വരൂപങ്ങള്‍ കണ്ടു
കണ്ണു മിഴിച്ചിരുന്നു...
വിഷാദസഞ്ചി തൂക്കി കനത്ത ദേഹം
പേറി നടക്കുന്നു ഞാന്‍..
വഴുക്കലിച്ച വയല്‍ വരമ്പില്‍
കാല്‍ തെറ്റി വീണു ഞാന്‍ .
ആകാശം നോക്കിക്കിടക്കവേ
ചുറ്റിനും കൃമി സഹസ്രങ്ങള്‍
അടിഞ്ഞു കൂടി .

Tuesday, September 16, 2008

ഈയാംപാറ്റകള്‍

ചാറ്റല്‍മഴ പൊഴിഞോരാ സന്ധ്യയില്‍
വസുന്ധര നെടുനിശ്വാസമുതിര്‍ക്കവേ,
വൈകി വന്ന വസന്തത്തെ
വീണ്ടുംആവാഹിച്ചു അവള്‍.
പ്രകമ്പനം കൊണ്ട ഹൃദയത്തില്‍ നിന്നും
ചിറകു മുളച്ച കന്നിസ്വപ്‌നങ്ങള്‍
വാനിലേക്കുയര്‍ന്നു.
പിന്നീട്,
ചിറകു കരിഞ്ഞു ചില സ്വപ്‌നങ്ങള്‍
അവളുടെ മടിത്തട്ടില്‍ ഗതി കിട്ടാതെയിഴഞ്ഞു നടന്നു .
വീണ്ടും ..
ഭ്രൂണ പ്രക്രിയക്കായി
ചിലത്
അവളുടെ ഹൃദയാന്തര്‍ഭാഗത്തേക്ക്
തിരികെ വന്നു ചേര്‍ന്നു...
പുനര്‍ജനനത്തില്‍ ആഗ്രഹപൂര്‍ത്തീകരണത്തിനായെന്നോണം ...
പക്ഷെ... എന്നിട്ടും ... ഇന്നും...എന്നും.. കോരിത്തരിക്കാതെ,
ഉണര്‍വിലൂറ്റം കൊള്ളാതെ
ആ പ്രക്രിയ നടത്താന്‍
അവള്‍ക്കാവില്ല .
അവള്‍ പരാജിതയാവില്ല ....

വിഷ പൂവുകള്‍ ...


സുഹൃത്തിനോട്
*********
ഞാന്‍ നിന്നോട് പറഞ്ഞിരുന്നു
എന്നെ വഞ്ചിക്കെരുതെന്നു.
കടും നിറങ്ങള്‍ ചാലിച്ച
വാഗ്വാദങ്ങളും ...
നിറഞ്ഞ മൌനങ്ങളും
ഇടകലര്‍ത്തി നീയെന്നെ..

പെണ്ണിനോട് ...
********
എന്നോട് അടുക്കരുതെന്നു
ഞാന്‍ നിന്നോട് ചൊല്ലിയിരുന്നു..
പുസ്തക താളുകളില്‍ ,
ഇരുളടഞ്ഞ കോണിചുവടുകളില്‍ ..
എല്ലാം മറയാക്കി നീ ..
ഒടുവില്‍ എന്നെ പോലും
നീ കുടയായ് പിടിച്ച്
ഒരു ജന്മ്മ കാലം മുഴുവന്‍
യാത്ര തുടരുന്നു..

സഹോദരനോട് ...
*********
എന്നെ മറക്കരുതെന്ന്
ഞാന്‍ നിന്നോട് കേണപേക്ഷിച്ചിരുന്നു..
വൈതരണികളില്‍
ഒരു നടപ്പാലമാക്കിയ എന്നെ..
ഉത്തരങ്ങള്‍ തരാതെ
കാണാദൂരത്തും ..
ദുര മൂത്ത്
നീയെന്‍റെ അവയവഛേദം ചെയ്യുന്നു..

സഹോദരിയോടു ..
************
എന്നെ എന്‍റെ സ്വപ്നങ്ങളില്‍ നിന്ന്
വലിച്ചൂരിയെടുക്കെരുതെന്നു
നിന്നോട് ഞാന്‍ മന്ത്രിച്ചിരുന്നു ..
കൈ പിടിച്ച് വന്ന നവസ്വപ്നങ്ങളില്‍ ,
പിറന്ന വഴി മറന്ന നിന്നോട്
ഞാന്‍ എങ്ങിനെ ശബ്ദമുയര്‍ത്തും .
ഒടുവില്‍ യാഥാര്‍ത്യങ്ങള്‍
കനലുകളായ് നിന്‍ മുന്നില്‍
പെയ്യുന്നത് ഞാന്‍ കാണുന്നു..
*******
എവിടെയും പൂക്കുന്നു
വിഷപൂവുകള്‍ ..
ഒരു ഗന്ധവും ഇണങ്ങാത്ത
ഒരു പൂവ് എന്‍ മുന്‍പില്‍...
നിര്‍വ്വികാരതയുടെ
സഹജ വാസന പരത്തി
അവയെന്നെ പൊതിയുന്നു..
ഈ ഗന്ധം എനിക്ക് മാത്രം .
ഞാനെല്ലാം മറക്കുന്നു...