സഹയാത്രികര്‍

Saturday, October 22, 2016

കവിവേദം ( സുഗതകുമാരിടീച്ചർക്ക് )


പ്രിയമുള്ളതെല്ലാമലിവുള്ളതല്ലേ
കനവിന്റെ തുണിതൊട്ടിലല്ലേ
മൃദുസ്വനമോടെ നീയാട്ടുന്നതല്ലേ
ഒരു മൃദുമന്ത്രമായ് മനസ്സേറിയില്ലേ !

കാലങ്ങളേറെയായുരുകിയമരുന്നു
കാണുന്ന കണ്ണുകൾ ചിമ്മിത്തുറക്കുന്നു
വാക്കുകൾ കണ്‍ശരമാവുന്നുവോ നിന്നിൽ
നോക്കുകൾ വിഷമാരി പെയ്യിച്ചുവോ !

അങ്ങു ദൂരെയൊരു കൃഷ്ണവനം തേങ്ങുന്നു
നിന്നെയോർത്തെന്ന് പറയുന്നൂ പുളകം
നിന്റെ പതനം കൊതിക്കുന്നാരോയിവിടെ
പറയുന്നീലവൻ തൻ പേർ ,ക്ഷമിക്കുക.

അമ്മേ , കവിതേ , എൻ സഹയാത്രികേ
എന്നുമീ കൈപ്പിടിച്ചേ ഞാൻ നടപ്പൂ

കവിത നിൻ തുറുപ്പുചീട്ടല്ല
കരുതലാണത് , ജീവനാളത്തിൻ
നേർക്ക്‌ പിടിച്ചൊരു കരതലമാണത്
പതിഞ്ഞ ശ്വാസത്തിൻ മുറിവിലേയ്ക്കായി
ഇടറിയ താളത്തിൻ കവിവേദമാണത് ..

ഭാരം കുറയ്ക്കുന്നവർ


പോയവരെ ഓർത്താണ് എന്നും പുളകം .
അവരെന്നിലേൽപ്പിച്ച
തലോടലുകളും , സാന്ത്വനങ്ങളും കൂടി
ചിലപ്പോഴൊരു ശരീരയാത്ര നടത്തും.

ഓർമ്മകളുടെ തിരുമുറ്റത്തവരൊത്തു കൂടും.
പോയവരാണെപ്പോഴും വരാറ് .
കൈപ്പുണ്യമേറിയ കൈകൾ കൊണ്ട്
നെഞ്ച് തടവിത്തരും .
ഉറങ്ങിക്കോളൂ എന്ന് പറഞ്ഞ്
അരികിലിരിക്കും .
ഭാരം കുറയുന്നത് വരെ .

ദീർഘനിശ്വാസത്തോടെ
എഴുന്നേൽക്കുമ്പോൾ
ഞെട്ടി കൺതുറക്കുമ്പോൾ
ഒരു മിന്നായം പോലെ ആരോ ..
പുകമറയായി .

സ്വപ്നങ്ങളായിരുന്നല്ലോ എന്നുമിഷ്ടം !!

ഇനിയും തീർപ്പ് കൽപ്പിക്കാത്തത്


എത്ര സുന്ദരമായിരുന്നു ജീവിതമെന്ന്
ജീവിതമവസാനിപ്പിക്കുന്നവർ ചിന്തിക്കുന്നില്ല .
അത്രമേൽ ദുരിതമെന്നായിരിക്കും !

എത്ര സുന്ദരമായിരുന്നു ജീവിതമെന്ന്
ജീവിച്ചു മരിക്കുന്നവർ ചിന്തിക്കുന്നില്ല .

എത്ര സുന്ദരമായിരുന്നു ജീവിതമെന്ന്
ആരാവും തീർപ്പ് കൽപ്പിക്കുന്നത് !

ഇമയനക്കങ്ങൾ


ഇമയനക്കങ്ങൾ
നിർവൃതിയുടെ
സൂചകങ്ങളാണ് .
സ്നേഹലാളനങ്ങളുടെ ,
കരുണയുടെ ,
കടമയുടെ ,.
വൈരത്തിന്റെ ,
പുച്ഛത്തിന്റെ ,
വെറുപ്പിന്റെ
കണ്ണിമയനക്കങ്ങൾ .
കൺപോളകളിലെ
രക്തയോട്ടത്തിന്റെ
അഗ്നിനിറവ് .
അനക്കങ്ങൾ
നിന്നുപോയ
ജഡത്തിന്റെ .
തുറന്ന കണ്ണുകൾ
എന്നോട് രഹസ്യമായി
പറഞ്ഞതാണിതൊക്കെ !

വീണ്ടും


നമ്മളുള്ള ദിക്കില്‍
എനിക്കൊന്ന് പെയ്യണം .
ഞാന്‍ പെയ്തു തീരുമ്പോള്‍
നമ്മള്‍ക്കൊന്നായൊഴുകാം

ഗുരുവിന്റെ ചതി


ഇന്നവധി .
കുറേയോടി .
ഒരിടത്തുമില്ല.
വീടകം പൂകുന്നു.
"ഇന്നെന്തേ നേർത്തേ "
മിണ്ടിയില്ല.
കുഞ്ഞുങ്ങൾ പഠിക്കുന്നു.
മിണ്ടിയില്ല.
മീൻ വറുക്കും മണം.
"എന്ത് പറ്റി"
പിന്നെയും....
"ഭക്ഷണമെടുക്കട്ടെ "
"ഉം.."
പേടിയോടെ പിന്നെയും...
"എന്താ "
ഭീതിയോടൊരു നോട്ടം.
"സുഖമില്ലേ "
അവളെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കുമ്പോൾ
ആകെ മഞ്ഞൾ മണം , മീൻമണം , മുഷിഞ്ഞ മണം ..........
"എന്തിനാ കരയുന്നേ"
" അറിയില്ല."

ക്രൂരനല്ല ഞാൻ


എന്നിലെ ഭാഷയ്ക്കൊരർഥമെങ്കിലും
നിന്നിലതെത്തുന്നതപൂർണ്ണമായും .
എന്നെ ഞാൻ വിവർത്തനം ചെയ്തിടട്ടെ
എന്റെ സ്നേഹത്തെ നീയറിയും വരെ.

.............

ഉടലുകളുപേക്ഷിച്ചുയിരുകളൊന്നാവുന്നു
തടവിൽ നിന്നും ജീവിതമുണരുന്നു .
കടവത്തൊരു തോണിയെത്തീടുന്നു
കടലുകൾ തേടിയവർ പോയീടുന്നു.

ഞങ്ങൾ വൃദ്ധമാനസങ്ങൾ പിറുപിറുക്കുന്നത് ...


വിളി കേട്ടെന്നൊന്ന് നടിക്കുക.
തെളിമയോടൊന്ന് നോക്കുക.
വിരൽത്തുമ്പിലൊന്നു പിടിക്കുക.
ചരൽ കല്ല്‌ താണ്ടാൻ സഹായിക്കുക.

അരികിലൊന്നിരിക്കുക.
ഉറങ്ങുംവരെയെങ്കിലും ..
നെറ്റിയിലോന്ന് തലോടുക .
സ്വർഗം കാണും സുഖമറിയട്ടെ.

ഒഴുകും കണ്ണീർ കണ്ടു ചിരിക്കാതെ ,
തഴുകും കരങ്ങൾ പിൻവലിക്കാതെ,
വിഴുപ്പുഭാണ്ഡം പോലെറിയാതെ
പുഴുക്കുത്തേറ്റൊരീ ദേഹങ്ങളെ.

പഴകും ജന്മങ്ങൾ കണ്മുൻപിൽ പിടയവേ
അഴുകും ഓർമ്മകൾ മനസ്സിൽ മരിക്കവേ .
പറയുന്നു യാത്രാമൊഴി
കേൾക്കുന്നുവോ നിങ്ങൾ ..
എവിടെന്റെ കുഞ്ഞുങ്ങൾ.. കുഞ്ഞുങ്ങൾ ... !!

...........

അക്ഷരങ്ങളെയാണല്ലേ നീയിഷ്ടപ്പെട്ടത്‌ .
അതെപ്പോഴാണ്‌ ഞാന്‍ അറിഞ്ഞത്.!!

ഈ ഹൃദയവും , ശരീരവും
നിന്നെ ഉന്മത്തയാക്കിയില്ലെന്നോ .

നീ ചുരണ്ടിയെടുത്തതെന്റെയക്ഷരങ്ങളെ .
എനിക്കനുഭവപ്പെട്ടതെന്റെ
ഹൃദയത്തില്‍ .
ഒരു പോറലില്‍ ഒരായിരം വിലാപങ്ങള്‍ .

മടക്കയാത്രയില്‍
ഒതുക്കുകല്ലില്‍
ഇടറിവീണയെന്റെ
അക്ഷരത്തുണ്ട്
ഞാന്‍ കൊടുത്തുവിടുന്നു .
എന്റെ ശ്വാസം അതില്‍ പുരളാതിരിക്കാന്‍
ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്..........

ഒരിക്കലുമെഴുതാത്ത കവിത


എഴുതാൻ പറ്റാത്ത വരികളുണ്ട് മനസ്സിൽ .
ദീർഘനിശ്വാസത്തോടൊപ്പം എന്നുമെഴുതുന്നത് .
എന്റെ മനസ്സ് വായിക്കുന്നത്.
മറ്റാരും വായിക്കാത്തത് .

എന്റെ ആദ്യത്തേതും അവസാനത്തേതും ആയ കവിത.

ആരിൽ നിന്നും രക്ഷതേടി !!


ഏകാന്തതയിൽ
വാക്കുകളെന്റെ ഓരം ചേർന്നുറങ്ങുകയാണ് .
കളിയരഞ്ഞാണങ്ങളഴിഞ്ഞവ ,
വിദ്യുത് തരംഗങ്ങളൊഴിഞ്ഞവ ,
തളർന്ന, വിയർപ്പുണങ്ങുന്ന നിമിഷങ്ങൾ .

കാറ്റിന്റെ മൃദുതലോടലിലും ശീൽക്കാരം .
വരണ്ട ചുണ്ടിലും
മിടിപ്പ് നിലച്ച ഹൃദയവടിവുകളിലും
കാറ്റിന്റെ കടന്നുകയറ്റങ്ങൾ .

ഏകാന്തതയിൽ പോലും ഞാനുലയുകയാണ് .
പരുഷസ്വരങ്ങളിൽ നിന്നും
എത്രയോ അകലെയെങ്കിലും
ആരോ പറഞ്ഞുവിട്ട വാക്കുകളെന്റെ ചുറ്റിനും
പെയ്തു തീരാതെ വിങ്ങുകയാണ് .

എന്റെ മറുവാക്കുകൾ വിശ്രമത്തിലാണെന്നു പറഞ്ഞല്ലോ!!
ഇനിയുമുള്ളോട്ടു പോകണം.
നിന്റെ സ്വരങ്ങളെന്നെ കണ്ടെത്താത്ത , കേൾക്കാത്ത , പറയാത്ത
ഇടത്തിലേക്ക് ...

............

കാറ്റ് കൊണ്ടുപോയ മഴയപ്പോൾ
ചുരം കയറുകയായിരുന്നു.
കാറ്റും മഴയും കൂടി
കൈകോർത്തുപിടിച്ചു കൊണ്ട് ഓടി .
പശ്ചിമഘട്ടത്തിലെ
ഏതോ കൊടുമുടിയിൽ തട്ടി തളർന്നു വീണു .

താഴ്‌വാരത്തിലൂടെ ഒഴുകിപ്പോയ
മഴയും,
മഴക്കാടുകളിൽ തളർന്നു വീണ
കാറ്റും
പിന്നീടിന്നേ വരെ കണ്ടിട്ടില്ലത്രേ !!

ഇഷ്ടങ്ങൾ

കാൽക്കീഴിലെ
മണ്ണൊലിച്ചു പോവുമ്പോഴും
ഒറ്റക്കാലിൽ തപസ്സു
ചെയ്യാനാണിഷ്ടം .

ഋതുക്കൾ വന്നുപോവുമ്പോഴും
ഒരേ വികാരത്തോടെ
നിൽക്കാനാണിഷ്ടം

മുഷ്ടിചുരുട്ടി വരുന്നവന് നേരെ
ഒന്ന് പുഞ്ചിരിക്കാനാണിഷ്ടം

പെയ്തു നിറയുന്ന
കർക്കിടകരാത്രിയിൽ
നിന്നോടൊത്തുചേരാനാണിഷ്ടം

യാത്രാനേരങ്ങളിൽ
ശബ്ദങ്ങൾ കടന്നുവരാത്ത
നിമിഷങ്ങളാണിഷ്ടം

ആർത്തലയ്ക്കുന്ന
ഒരു നീണ്ട മഴയോടൊപ്പം
കുടയൊന്നും ചൂടാതെ
ഒരു യാത്രയും കൂടെ പോവണം...
ആ ഒരു പോക്ക്
ഇഷ്ടങ്ങളുടെ അവസാനമായിരിക്കണം...


 

യാത്ര പോവണം ഇനിയും ദൂരേക്ക്


പുറപ്പെട്ടുപോയീന്നൊക്കെ
കേട്ടിട്ടുണ്ട് ..കുട്ടിക്കാലത്ത് .
ചിലർ .
പക്ഷെ അതൊരിക്കലും
തിരിച്ചുവരാത്തൊരു പോക്കായിരുന്നു.
വാഗ്മൊഴികൾ അങ്ങിനെയാണ് പറഞ്ഞുതന്നതും.
സത്യത്തിനൊരിപ്പിടവുമായിരുന്നു ആ വാക്കുകൾ.
അവരൊരിക്കലും വരാതിരുന്നപ്പോൾ .

പുറപ്പെട്ടു പോയവരുടെ കൂടെയാണ്
ഇന്നുമെന്റെ കുട്ടിക്കാലം.
അതുകൊണ്ടു അതാദ്യകാമ്യം .

ഇന്നും യാത്രകളെന്നെ കൊണ്ടുപോവുന്നത്
ആ ഒരു പുറപ്പെട്ടുപോവൽ കാലത്തേക്കാണ്.

പക്ഷെ ഓരോ യാത്രകളും കഴിയുമ്പോൾ
എന്നെ പുറപ്പെട്ടയിടം തിരിച്ചു വിളിക്കും.

എന്റെ പഴയ ആ യാത്രികരെ അങ്ങിനെ ഒന്നും വിളിച്ചിരുന്നില്ലയോ ആവോ !!

അവള്‍ അനാമിക -- നാല്


ചിന്തകളെരിഞ്ഞമരുമ്പോള്‍
ചാരത്തോടുകൂടി നിമഞ്ജനം ചെയ്യപ്പെടാനോ !
ചോദിച്ചു വാങ്ങിയ ജന്മമല്ല.
കനിഞ്ഞരുളിയതാണ് .
എരിവു കൂട്ടുന്ന സുഖപ്രദായിനി.
എന്‍ പേര്‍.
എഴുതി കൂട്ടിയ പുസ്തകങ്ങളിലൊക്കെ
എനിക്ക് സുമലാസ്യഭാവങ്ങള്‍ .
കശക്കിയെറിയുന്നവയിലൊക്കെ എന്റെ ചോരയും.
എന്റെ ഗര്‍ഭപാത്രത്തില്‍ വരെ നിന്റെ
കടന്നുകയറ്റം.
എന്റെ നിശാന്ത താഴ്വരകളില്‍ വരെ നിന്റെ നിഷേധങ്ങള്‍ .
നീയില്ലാതെ ഒരു നിലനില്‍പ്പ്‌ ..
ഞാനില്ലാത്ത നിന്റെ അവസ്ഥ ...
ശൂന്യാവസ്ഥയില്‍ നിന്റെ തൃശങ്കു .

നിനക്കെതിരെ ആയിരിക്കും ഇനി എന്റെ സംസാരം,
പ്രവര്‍ത്തി.
കാരണം എനിക്ക് നിന്നെ വീണ്ടെടുക്കണം.

തുലാവർഷ മിന്നൽ


ആ വെളിച്ചം മതി
ജീവനെടുക്കാൻ ...

നിന്റെ കൺവെളിച്ചം .
എന്നെ എത്ര നാൾ
വഴിതെറ്റിയലച്ചു.

നിന്റെ വാക്കുകളേക്കാൾ മുൻപേ
നിന്റെ നോട്ടം അറിഞ്ഞിരുന്നുവെങ്കിൽ ....!!

....

നിലാവിൻ നീരെടുത്തോരു
ചെരാത് തെളിയിക്കുന്നുണ്ട് ഞാൻ.
നീ വരുമോ അതിൻ നിഴലായ്
എന്നോടൊത്തോതുവാൻ
എന്നോടൊത്താടുവാൻ ...

ഞാനില്ലാതാവും നാൾ..


നിലാവേ ,നിഴലേ ,നീലരാവേ
നീയെന്നെയോർക്കുമോ .
പ്രണയമേ,പ്രപഞ്ചമേ,പ്രദോഷമേ
നീയെന്നെയറിയുമോ
അക്ഷരമേയമൃതകുംഭമേയപാരതേ
ഞാനെന്ന് നീയറിയുമോ .

തുറക്കാതെ .. അടയ്ക്കാതെ


ജാലകങ്ങൾ തുറക്കട്ടെ.
ശുദ്ധവായു .
ഒരു കവിൾ നുകരുന്നു.
അടയ്ക്കട്ടെ .
ഞാനെന്നിൽ ഉരുകട്ടെ.
അടയ്ക്കലിലും
തുറക്കലിലും
ഒരു ജീവിതം പിടയ്ക്കുന്നു.
തുറക്കാതെയും
അടയ്ക്കാതെയും
ഉള്ളിലിരുന്നുറങ്ങുന്ന
ജീവിതം....

എന്തിനാണ് ചിലരൊക്കെ ആത്മഹത്യചെയ്യുന്നത് !!


ആത്മഹത്യ, മരണത്തോടുള്ള ഇഷ്ടമാണോ !
എങ്കിൽ ചിരിച്ചുകൊണ്ടായിരിക്കും
മരണത്തെ സ്വീകരിക്കുന്നത്..

ജീവിതത്തോടുള്ള വെറുപ്പാണോ !
അതുകൊണ്ടാവും കണ്ണുതുറിച്ച്
പകയോടെ നോക്കിയിരിക്കുന്നത്.

ആത്മാവ് മരിച്ച ശരീരങ്ങൾ
ജീവനുള്ളവയെന്ന് നിങ്ങൾ പറയുന്നവ
എന്നോ ആത്മത്യ ചെയ്തവരാണ്.

പിന്നീടൊരു മരണത്തിനുമവരെ
കീഴ്പ്പെടുത്താനാവില്ല.!!!

..........

ഈണം മറന്നപ്പോൾ
കവിത മടങ്ങി .
കവിത പോയപ്പോൾ
മനസ്സ് മങ്ങി.
മനസ്സ് മങ്ങിയപ്പോൾ
ജീവിതം ചുരുങ്ങി.

ചിന്ത


നിന്നില്‍ നിന്നും നീ ഊര്‍ന്നുപോയപ്പോള്‍
നീ യോഗിയായി .
എന്നില്‍ നിന്നും നീ പടിയിറങ്ങിയപ്പോള്‍
ഞാന്‍ ഭ്രാന്തനുമായി .
------ 2 -------
സൂര്യനും ചന്ദ്രനും
അഹങ്കരിച്ചോട്ടെ .
ഒരസ്തമയം
അവര്‍ക്കുമുണ്ടല്ലോ നിശ്ചയം.

-------3 ----------
ഞാന്‍ പറഞ്ഞു ഞാന്‍ കേട്ടു.
നീ പറഞ്ഞു ഞങ്ങള്‍ കേട്ടറിഞ്ഞു.

---4-----
ജീവിതം

ഒരു ഹൃദയമിടിപ്പിന്റെ
ബലത്തിൽ
അഹങ്കരിച്ചുജീവിക്കുന്നു.

യഥാർത്ഥ ഇഷ്ടങ്ങൾ


ജഡത്തിനും കിട്ടുമിഷ്ടങ്ങൾ
അരിമണികളുടെ
ജലത്തിന്റെ
പൂക്കളുടെ

ജീവിതത്തിലെ പിന്മാറ്റങ്ങൾ പോലെയല്ല
ഈയിഷ്ടങ്ങൾ
തന്നോടൊപ്പം തന്നെ ദഹനം.