സഹയാത്രികര്‍

Thursday, April 18, 2013

അച്ഛന്‍ വീണ്ടുംഅമ്മയുടെ മണം അച്ഛനില്‍ നിന്ന് ..

അച്ഛന്റെ ചുണ്ടിലൂടെ
അമ്മയുടെ ഉദരത്തിലേക്ക്.
അടിപ്പാവാടയുടെ
അളവെടുക്കുന്ന പോലെ
അച്ഛന്റെ കൈകള്‍ അരഞ്ഞാണ ചരടില്‍ ....
കൂവിയാര്‍ത്തപ്പോള്‍ കൈ തടഞ്ഞു...
പിടഞ്ഞപ്പോള്‍ ചേര്‍ത്തമര്‍ത്തി ..
ഞാനിപ്പോള്‍ തീവ്ര പരിചരണത്തിലാണ് .
കുഴലുകള്‍ എന്നിലൂടെ സഞ്ചരിക്കുന്നു.
ഞാനിപ്പോള്‍ മയക്കത്തിലാണ് .
അമ്മ പാല്‍ക്കുപ്പിയുമായി അരുകിലുണ്ട് .
അച്ഛന്‍ അംഗന്‍വാടിയില്‍ കൊണ്ടുപോവാന്‍ ......

ഇഴജന്തുതണുപ്പൂറും ഇടങ്ങളിലൂടെ
അവന്‍ ഇഴയുന്നു.
ആലോസരമുണ്ടാക്കിക്കൊണ്ട് .

ഇടയ്ക്കൊന്നു പത്തി വിടര്‍ത്തും .
മകുടികള്‍ക്കനുസരിച്ച് ആടും .
ഇര വിഴുങ്ങുന്ന നേരത്ത്
ആമാശയം ഒരുങ്ങി നില്‍ക്കുന്നു.
ദഹന നീരുമായി .
ഒരിരയും ആമാശയത്തില്‍
എത്തപ്പെടാതെ പോകുന്നില്ല.

തീരെ ഇടുങ്ങിയ ഇടവഴികളില്‍
പതുങ്ങി കിടക്കുമ്പോള്‍
രാത്രി സഞ്ചാരങ്ങള്‍ ഭീതിതമാവുന്നു .
പകല്‍ മയക്കത്തിന്റെ
വഴുതുന്ന നേരറിവുകളില്‍
സായാഹ്നസഞ്ചാരങ്ങളുടെ
പിരിമുറുക്കത്തിന്റെ കെട്ടുകളഴിയുന്നു .

ഇടവേളകളിലെ ഉറയൊഴിക്കലില്‍ മാത്രം
മനസ്സിന്റെ സാന്നിധ്യം ഉണ്ടാവും.
ഇല്ലിക്കാടുകളുടെ വേലിയൊഴുവുകളില്‍
കാറ്റിന്റെ കുസൃതികളില്‍ ചിലപ്പോള്‍
പടം വിരിക്കാന്‍ ശ്രമിക്കും.
അകന്നു പോയ ശരീരത്തിന്റെ
വിടാത്ത അടുപ്പം ചില ശൈത്യ രാത്രികളില്‍
അഹങ്കാരമായി ജ്വലിക്കും.
നന്ദികേടിന്റെ തെളിവെളിച്ചം പോലെ
ഇല്ലിക്കാടുകള്‍ക്കിടയില്‍ എന്നും
ഒരു ശവമല്ലാത്ത ശവമായ്‌ കിടക്കുമ്പോഴും ....

ഞാന്‍ തന്നെ സാക്ഷിയുംഅമ്മയുടെ കണ്ണില്‍ സമുദ്രം വറ്റുന്നില്ല .
അച്ഛന്റെ മുന്‍പില്‍ നേര്‍ രേഖയില്‍ പോകുന്ന വഴികള്‍
ശൂന്യതയില്‍ ലയിച്ചു ചേര്‍ന്നു.
ഇടവഴി കടന്നെത്തിയ
ചോരപ്പാടുകള്‍ തീര്‍ത്ത തുണിക്കെട്ടില്‍
പിറക്കാത്ത ഇതിഹാസങ്ങള്‍
ചത്ത ഭ്രൂണങ്ങള്‍ ആയി അളിഞ്ഞു.
ചളിയും മണ്ണും അലിഞ്ഞ് ചേര്‍ന്ന്‌
നെഞ്ചിനെ തണുപ്പിച്ചപ്പോള്‍
മുറിവിലൂടെ മണ്ണിനെ ഞാന്‍ തൊട്ടറിഞ്ഞു....
മഴയുടെ ഗന്ധം ഞാനറിഞ്ഞു.
എനിക്ക് പൂക്കള്‍ അര്‍പ്പിച്ചു മടങ്ങുന്ന
കുഞ്ഞുങ്ങളുടെ പതിഞ്ഞ കാലടിശബ്ദം കേള്‍ക്കാം ...
ഒരു രക്തത്തിലും ഇനിയെനിക്കൊരു പുനര്‍ജ്ജന്മം വേണ്ട.
നീയന്റെ ഞരമ്പിലോടിയത് ഇതിനായിരുന്നല്ലേ !!!

പാര്‍ട്ടിഗ്രാമംഎന്റെ ഗ്രാമം
ഞങ്ങളുടെ ഗ്രാമം
പാര്‍ട്ടി ഗ്രാമമെന്ന് നിങ്ങള്‍ പറയുന്നു.
വടിവാളും , കുറുവടിയും , ബോംബും ഉണ്ടന്ന്
നിങ്ങള്‍ പറയുന്നു.
എന്റെ വീടിനു ചുറ്റും ഒരു വേലിയുണ്ട്.
വേലിയില്‍ ചുറ്റി മൂര്‍ഖന്‍ പാമ്പുണ്ട്.
ഇടവഴി ചുറ്റി ഒന്ന് പോയാല്‍ അതിരാണിപ്പാടത്തെത്തും .
തൈപൂയം കൊണ്ടാടും കാവ് കാണാം .
ഉറൂസു നടക്കും വടക്കേ പള്ളി കാണാം .
അതിനിടക്ക് ചുവന്ന കൊടി ഉയര്‍ന്ന ഏരിയ കമ്മറ്റി ഓഫീസ് കാണാം .
കാറ്റ് വീശുമ്പോള്‍ ഇപ്പോഴും പഴശ്ശി മലയുടെ മണമുണ്ട്.
ഇന്നും കാറ്റിനു മൈലാഞ്ചിയുടെ മണമുണ്ട്.
ഒപ്പനയുടെ താളമുണ്ട് .........
ഇനി നിങ്ങള്‍ പറയേണ്ട........
എന്റെ ഗ്രാമത്തെ പറ്റി.........
തലസ്ഥാനത്ത് ഇരുന്ന് കാണാത്ത ഗ്രാമങ്ങളെ കുറിച്ച്...

ആള്‍ദൈവപോരാട്ടങ്ങള്‍
ഞങ്ങളുടെ ദൈവത്തിനു നേരെ

ഒരു കയ്യും ഉയരരുത് .
ഒരു നാവും ശബ്ദിക്കരുത്.
നേര്‍ക്കുനേര്‍ നടന്നുവരരുത് .

മുട്ടിലിഴഞ്ഞു വന്നാല്‍ ഭക്തരാവാം.
കൂലിയില്ലാതെ വേല ചെയ്താല്‍
ദാസരാവാം.
മൊഴികള്‍ ഹൃദിസ്ഥമാക്കിയാല്‍
കാല്‍നക്കിയാവാം.

ശരണമന്ത്രങ്ങള്‍ ആശരണര്‍ക്കല്ല.
വിദ്വേഷം ചവച്ചരയ്ക്കാനല്ല .
വെള്ളപുതപ്പിയ്ക്കും മുന്‍പ്
ചതച്ച നാവില്‍ തേയ്ക്കാനുള്ള
വയമ്പാണ്.

ഓര്‍മ്മതെറ്റിയിനിയിങ്ങനെ വന്നാല്‍
വെള്ളപുതപ്പിയ്ക്കും ഞങ്ങള്‍.
അവസാനമൊഴി കൊണ്ട്
ഈയമുരുക്കിയൊഴിച്ച്
അടയ്ക്കും ഞങ്ങള്‍ .....

പറയാന്‍ വൈകിയത്
ഒഴുക്കന്‍മട്ടിലാണ് തുടങ്ങിയത്.

വാക്കുകള്‍ അടുക്കും ചിട്ടയുമില്ലാതെ ...
പിന്നീടെപ്പോഴോ ഒരൊഴുക്കു വന്നു ചേര്‍ന്നു.
കഥകള്‍ പറഞ്ഞ് പറഞ്ഞ്
കവിതയില്‍ അവസാനിപ്പിച്ചു .
നേരത്തോടു നേരം മുഖാമുഖം .
പ്രഭാത സൂര്യനും, ഇളംകാറ്റും പഴി പറഞ്ഞു.
കാറ്റാടി മരങ്ങള്‍ തലകുലുക്കി പ്രിയം ഭാവിച്ചു.
ഉച്ചനേരത്തെ വരണ്ട കാറ്റ് നേരത്തെ പിണങ്ങിപ്പോയി.
ഒറ്റതൂവല്‍ പൊഴിച്ച് വാലാട്ടിക്കിളിയും ...
സായന്തനത്തിന്റെ അലസമൌനം
വേവലില്‍ മുങ്ങിനിവര്‍ന്ന ഹൃദയാകാശത്തില്‍
വിങ്ങല്‍ അമര്‍ത്തിക്കൊണ്ടിരുന്നു.
രാത്രിയിലേക്ക്‌ അമരുന്ന അന്ത്യനേരത്തില്‍
നേരിന്റെ ചാട്ടുളിയേറേറ്റ് വീണ്ടും ..........

ദൈവ സാന്നിധ്യംദൈവത്തിന്റെ പത്തു കല്‍പ്പനകള്‍
ഏറ്റുവാങ്ങിയത് നിന്റെ തലമുറ തന്നെയായിരുന്നോ !!
യഹൂദാ അടങ്ങുക...

കുറ്റിയറ്റു തീരുന്ന നിന്റെ ജന്മപരമ്പരകളില്‍ നിന്നും
നീ ഇനി മണ്ണിലേക്ക് മടങ്ങുക..
യഹൂദാ അടങ്ങുക..

പെറ്റുവീണ കുഞ്ഞിന്റെ പാല്‍പുഞ്ചിരിയില്‍
തെരുവില്‍ അലസനായ് നീങ്ങുന്ന കുട്ടിയില്‍
പ്രാര്‍ഥനാ വസ്ത്രം അണിഞ്ഞ യുവതിയില്‍
നിന്റെ കിരാത മേധാവിത്വം
തീയുണ്ടകള്‍ വര്‍ഷിക്കേ
പത്തല്ല .. നിനക്കെത്ര കല്‍പ്പനകളാണ്
പതുങ്ങിയിരിക്കുന്ന ദൈവമിനി കനിഞ്ഞരുളേണ്ടത്..
യഹൂദാ അടങ്ങുക.

സവര്‍ണ്ണപ്പേടി
ചിന്തിച്ചു ചിന്തിച്ചുറങ്ങി .
സവര്‍ണ്ണാ സവര്‍ണ്ണാ
എന്ന് ശാപത്തോടെ പുലമ്പി.
ചാണകവെള്ളം കലക്കി
സവര്‍ണ്ണന്‍ നടന്ന പാതയില്‍ വീഴ്ത്തി.
കരിക്കട്ട കൊണ്ട് ചുവരില്‍ എഴുതി
കാര്‍ക്കിച്ചു തുപ്പി.
കൈലേസ്സുകൊണ്ട് സവര്‍ണ്ണരൂപമുണ്ടാക്കി
ചവിട്ടിയരച്ചു.
മതേതരത്വ പ്രസംഗങ്ങളില്‍
സവര്‍ണ്ണനെ ചാട്ടവാര്‍ പ്രയോഗം നടത്തി.
ഉറക്കത്തിലുഷ്ണത്തില്‍
പകലിരവുകളില്‍
ഒരേയൊരു മന്ത്രം ..
സവര്‍ണ്ണ മന്ത്രം .
ആ സുവര്‍ണ്ണ മന്ത്രം മാത്രം.

കൊച്ചു വരികൾ

1.   
കാട്ടാളന് കവിയാകാം
കവി കാട്ടളനാകരുത്............
 
2.

നമ്മളുള്ള ദിക്കില്‍
എനിക്കൊന്ന് പെയ്യണം .
ഞാന്‍ പെയ്തു തീരുമ്പോള്‍
നമ്മള്‍ക്കൊന്നായൊഴുകാം
 
 
 


ജീവിതം

ഇരുപത്തഞ്ചു പവന്‍
പെറുക്കികൂട്ടി ഒരുക്കിക്കൊടുത്തു.
രണ്ടു ലക്ഷം അടിത്തറ ഇളക്കിയും.
എന്നിട്ടും....
പൊന്നുമോള്‍ നേരത്തെ സ്വര്‍ഗം പൂകി...
ഭക്ഷണം ഒരുക്കുമ്പോള്‍
ഒരു പൊട്ടിത്തെറിയോടൊപ്പം....

ഒരു ചേര്‍ന്നെഴുത്ത്  (ശുദ്ധമായ നരവര്‍ഗ്ഗം ഇന്ന് ലോകത്തില്‍ ഒരിടത്തുമില്ലല്ലോ . (എസ് കെ പൊറ്റെക്കാട്‌ )

ഇരുട്ടില്‍ തിളങ്ങുന്ന
എന്റെ മുഖത്തിന്
ഞാന്‍ ഏത് രാജ്യത്തിന്റെ
പേരിടും?
അതില്‍ കാപട്യമോ, വിഹ്വലതയോ
മുഖങ്ങളില്‍ നിന്നും വഴുതുമ്പോള്‍..!

മുള്‍ വേലികളില്‍ കുടുങ്ങിയ
നിശ്വാസങ്ങളും , ചേതനയും.
അവസാനം പറഞ്ഞ വാക്കിന്റെ ശകലവും..
എന്റെ നാട്... എന്റെ നാട്...

ഒരേയൊരു സൂത്രധാരന്‍
സൂത്രധാരനെ മറന്ന്

വിദൂഷകന്മാര്‍ അരങ്ങു വാഴുന്നു.
രാവേറെ ചെല്ലുമ്പോള്‍
പിന്‍ കുടുമ മാറ്റി
തറ്റഴിച്ച്‌
വേദിക്ക് പുറകില്‍ കൂത്ത് നടത്തുന്നു.
സൂത്രധാരന്റെ തന്തയ്ക്ക് വിളിക്കുന്നു...

അരങ്ങ് ഇരുണ്ട് തെളിയുമ്പോള്‍
സൂത്രധാരന്‍ വീണ്ടും അരങ്ങില്‍.
സുസ്മേര വദനനായി.
സദസ്സില്‍ ആരവം .
സൂത്രധാരന്‍ ഒന്നേ ഉള്ളൂ....

ആരവങ്ങള്‍ക്കിടയില്‍
അരങ്ങിന്റെ ഓരം പറ്റി
ഒരു നിഴല്‍ വിതുമ്പി....
അവനു പേര്‍ മാന്യന്‍.
ഒടുവില്‍ മാന്യനും നന്ദി പറഞ്ഞ്
ജനക്കൂട്ടം അടുത്ത വേദിയിലേക്ക് പിരിഞ്ഞു....

വറ്റിയ പ്രണയം
എന്നെയിനി പ്രണയിക്കേണ്ട


അതിന്ന് വറ്റി വരണ്ട നദി

നെല്ലിപ്പടി കണ്ട കിണര്‍
പറഞ്ഞു പറഞ്ഞു പൊട്ടിയ വാക്ക്.
പിന്നിപ്പോയ ആകാശം .
നെഞ്ചലച്ചൊരു കരച്ചില്‍.

അതിന്ന് രാത്രിയില്‍ തനിച്ചാവല്‍.
പകലില്‍ തേടിയലയല്‍ .
ഇരുളില്‍ ഞെട്ടിയുണരല്‍.
സന്ധ്യയിലൊരാത്മഗദം...

വായിച്ചു തീരാത്ത പുസ്തകം
പാതി വായിച്ചത്.

അന്ന് സുനാമി വിതച്ച കടല്‍ .
ഇന്നതൊരു ചാവുകടല്‍ .

പ്രണയമില്ലെങ്കിലെന്ത്?
നീയുണ്ടല്ലോ എന്നരുകില്‍.