സഹയാത്രികര്‍

Thursday, April 18, 2013

ഇഴജന്തുതണുപ്പൂറും ഇടങ്ങളിലൂടെ
അവന്‍ ഇഴയുന്നു.
ആലോസരമുണ്ടാക്കിക്കൊണ്ട് .

ഇടയ്ക്കൊന്നു പത്തി വിടര്‍ത്തും .
മകുടികള്‍ക്കനുസരിച്ച് ആടും .
ഇര വിഴുങ്ങുന്ന നേരത്ത്
ആമാശയം ഒരുങ്ങി നില്‍ക്കുന്നു.
ദഹന നീരുമായി .
ഒരിരയും ആമാശയത്തില്‍
എത്തപ്പെടാതെ പോകുന്നില്ല.

തീരെ ഇടുങ്ങിയ ഇടവഴികളില്‍
പതുങ്ങി കിടക്കുമ്പോള്‍
രാത്രി സഞ്ചാരങ്ങള്‍ ഭീതിതമാവുന്നു .
പകല്‍ മയക്കത്തിന്റെ
വഴുതുന്ന നേരറിവുകളില്‍
സായാഹ്നസഞ്ചാരങ്ങളുടെ
പിരിമുറുക്കത്തിന്റെ കെട്ടുകളഴിയുന്നു .

ഇടവേളകളിലെ ഉറയൊഴിക്കലില്‍ മാത്രം
മനസ്സിന്റെ സാന്നിധ്യം ഉണ്ടാവും.
ഇല്ലിക്കാടുകളുടെ വേലിയൊഴുവുകളില്‍
കാറ്റിന്റെ കുസൃതികളില്‍ ചിലപ്പോള്‍
പടം വിരിക്കാന്‍ ശ്രമിക്കും.
അകന്നു പോയ ശരീരത്തിന്റെ
വിടാത്ത അടുപ്പം ചില ശൈത്യ രാത്രികളില്‍
അഹങ്കാരമായി ജ്വലിക്കും.
നന്ദികേടിന്റെ തെളിവെളിച്ചം പോലെ
ഇല്ലിക്കാടുകള്‍ക്കിടയില്‍ എന്നും
ഒരു ശവമല്ലാത്ത ശവമായ്‌ കിടക്കുമ്പോഴും ....

No comments: