സഹയാത്രികര്‍

Sunday, August 7, 2011

തീരങ്ങളില്‍ അലയടിക്കുന്നത്
എന്താണെന്നറിയില്ല

എന്റെ അകക്കാമ്പിലെ
മധുരം ചുരണ്ടുന്ന നീ
എന്തിനെന്റെയെല്ലില്‍ വരെ
പോറലേല്‍പ്പിക്കുന്നെന്ന്!!

മജ്ജയിലൂടൊരു തീനാളം

കടന്നു പോവുമ്പോഴാണ്
നിന്റെ ചതി ഞാനറിയുന്നത് !!

നിര്‍വ്വികാരമായ

നിന്റെ മൌനം .
എന്നെ കടിച്ചുകീറി
നീ ഉപ്പുരസത്തോടെ
നുണയുന്നത്
എന്റെ വാചാലതയെയാണ് !!

എന്റെ വാക്കുകള്‍ക്ക്

നീ തടയിടുമ്പോള്‍
പുലരിയിലെ
കുഞ്ഞു സൂര്യനെയാണ്
കെടുത്തി കളയുന്നത് !!

രാത്രിനേരങ്ങളില്‍

നീ നിഴലുകളായ്
പതുങ്ങുമ്പോള്‍
എന്റെയുണര്‍വിനെയാണ്
മയക്കഗുളികകളില്‍
തളര്‍ത്തി വിടുന്നത് !!

മയക്കത്തിന്റെ

നാലകങ്ങളില്‍
തളച്ചിടുമ്പോള്‍
ആഘോഷങ്ങളുടെ
പെരുമ്പറകള്‍ മുഴങ്ങുന്നത്
അവ്യക്തമായറിയാം!!

അരുതെന്ന് പറയാനായ്

ഉയര്‍ത്തുന്ന കൈകളും
നീ വെട്ടിമാറ്റുന്നുവോ ?

തെരുവില്‍ നിന്നൊരു രൂപം

എന്നിലേയ്ക്ക് പടര്‍ന്നുകയറിയിരുന്നു
ഇന്നലെ ..
നിന്റെ മോഹത്തിന്റെ നെല്ലിപ്പടിയെനിക്കവന്‍
കാട്ടിത്തന്നു !!

നാളെ നിന്റെ വ്യാമോഹ

പെരും തുരങ്കത്തിന്റെ
അവസാനം
കാണാന്‍ പോവുന്നത്
കത്തുന്ന നിന്റെതെന്നു
നീയവകാശപ്പെടുന്ന
എന്റെ നെല്‍വയലുകളായിരിക്കും!!

ഇന്ന് ഞാനെന്റെ സ്വപ്നങ്ങളില്‍

ഒരു വയല്‍പ്പാട്ടിന്റെ
ഈണത്തില്‍ മയങ്ങുകയാണ് .
നിന്റെ എല്ലാ
കെട്ടുപാടുകളില്‍ നിന്നും
സ്വതന്ത്രനായിത്തന്നെ ....
എന്നെ ശല്ല്യം ചെയ്യരുതേ ...

No comments: