സഹയാത്രികര്‍

Thursday, December 8, 2011

ചാവുകടല്‍തിരയടങ്ങിയ നാളുകളാവും ഇനി .
ദാഹാര്‍ത്തയായി തീരുകയാണോ ഞാനും!!
എന്റെ ദാഹം എന്നെത്തന്നെ
കുടിച്ചു വറ്റിച്ചതാണോ!

തീരത്തോട് യാത്ര പറഞ്ഞു കഴിഞ്ഞിരിക്കുന്നു .
എത്തിപിടിക്കാന്‍ ഇനി കഴിയില്ല .
മണല്‍തീരങ്ങള്‍ കഴിഞ്ഞ്‌
പശിമയിലേക്ക് വഴുതുകയാണ്.

എന്നോ എന്നിലേക്കാഴ്ന്ന
ഒരു പടക്കപ്പലിന്റെ അവശിഷ്ടം ,
അടിത്തട്ടില്‍ ശ്വാസം മുട്ടി മരിച്ച
മത്സ്യ കന്യകയുടെ മുടിച്ചുരുള്‍ .
ഭാവിയില്‍ ഞാനൊരു പ്രദര്‍ശനശാല ആയേക്കും.

എന്നിലേക്ക്‌ കടുംനിറത്തില്‍ ചേര്‍ന്നിരുന്ന
ഒരു നദിയുണ്ടായിരുന്നു.
നഗരത്തിന്റെ തള്ളിച്ചയില്‍
അവള്‍ പര്‍വതത്തില്‍ തന്നെ
ആത്മഹത്യ ചെയ്തത്രേ !

ഇനി ഒരു മടക്കമില്ല ,
വിശ്രാന്തിയുടെ മയക്കങ്ങളില്‍
ഇടവേളകളില്ലാതെ ,
ആ പ്രണവമന്ത്രത്തിന്റെ
നേരൊലികളില്‍ വറ്റി തീരുകയാണ് ഞാന്‍.

No comments: