കടല്‍കാറ്റിനും
മണല്‍ചൂടിനും ഇടയില്‍
വേവറിഞ്ഞ പകലുകള്‍.
പിറവിയെടുത്ത ജീവനും
കടല്‍ചൂരിലമര്‍ന്ന വികാരങ്ങള്‍ക്കും
പച്ചക്ക് തീ കൊളുത്തി
രണ്ടായി പിരിഞ്ഞ രാവുകള്‍.
രാത്രികളും, പകലുകളും
കൂട്ടി കിഴിച്ചപ്പോള്‍
ചേതനക്ക് നഷ്ടമായ
ഉള്ളറിവ് പരതുന്നു ഞങ്ങള്‍.
പതിമൂന്നും, അറുപത്തിരണ്ടും
കൂട്ടിയാല്‍ ഒരു ജന്മ്മമാവുമോ ?
ജന്മ്മങ്ങളിലെ അവസാനത്തെ നോവറിവ് ?
പിടിവാശിയുടെ അത്യുംഗശ്രുംഗങ്ങളില്‍ ,
കാരണമറിയാത്ത കൂട്ട് ചേരലില്‍ ,
പിടഞ്ഞുണരാത്ത മനസ്സാക്ഷിവേദികളില്‍ ,
ആടിയുലയുന്ന പകല്‍സ്വപ്നങ്ങളില്‍ ,
നീരുറവയില്‍ കിനിയുന്ന സൂക്ഷ്മാണുക്കളും
ചേര്‍ന്ന് വീറോടെ കത്തിയത് ....
ഞങ്ങള്‍ അറിയുന്നു... എല്ലാം...
ഇത്തിള്‍ക്കണ്ണികളെ പോറ്റുന്ന യുവത്വം
മാറോടണച്ചത്
പൊട്ടിയൊലിച്ച തലച്ചോറില്‍ നിന്നും ,
വിങ്ങിയടര്‍ന്ന ഹൃദയങ്ങളില്‍ നിന്നും ,
രാകിയെടുത്തതും ,
ആകാശരാജാക്കന്മ്മാര്‍
പകര്‍ന്നു കൊടുത്ത
രസക്കൂട്ടും ചേര്‍ന്ന
പൊതിചോറ്.
കാരിരുമ്പിന്‍റെ കാഠിന്യം
മറന്ന ജേതാവിനെ പോലെ
ആരുടെ ഹൃദയങ്ങളാണ് അവര്‍ പോറ്റുന്നത് ?
ഇരുമ്പാണി പറിഞ്ഞ യക്ഷിയെപോലെ ,
കുടം തുറന്നു വിട്ട ഭൂതത്തെപോലെ ,
പിടിയമര്‍ന്ന,
പിണഞ്ഞു കയറിയ നാഗങ്ങള്‍ .
തേടിയലയുകയാണ് ഭൂതാത്മാവുകള്‍ ..
ശരീരങ്ങള്‍ രക്ഷയാക്കിയവര്‍.
രക്ഷയില്ലാത്തത് ശരീരങ്ങള്‍ക്കല്ല.
ആത്മാവുകള്‍ക്കാണ്.
ഒന്നും പറഞ്ഞു തീരാതെ പോയ
മടങ്ങി വരാത്ത ആത്മാക്കള്‍ക്ക് .
കടല്‍ കടന്ന യൌവനങ്ങള്‍ക്കും..
No comments:
Post a Comment