സഹയാത്രികര്‍

Friday, May 29, 2009

ഹൃദയം പറഞ്ഞത്

ഭൂതഗണങ്ങളെ പോലെ
വാക്കുകള്‍ ഉറഞ്ഞു തുള്ളുമ്പോള്‍
വഴിയരുകിലേക്ക്
പതുങ്ങുന്ന ഒരു മുഖം .

ഒരു വ്യാളീമുഖം
തീര്‍ക്കുന്നു ഞാന്‍ .

ഏറ്റുമുട്ടലിലും ,
വാക്ക്‌ പയറ്റിലും
സ്വന്തമായ്‌ ഒരു വേദി .
പിടഞ്ഞു മാറുന്നവനെ...
അന്നം തരുന്നവനെ ...
സത്യം പറയുന്നവനെ ...
ഒടുവില്‍
ദൃക്‌സാക്ഷി ആയവനെ പോലും
പകയൊടുങ്ങാതെ
ഞാന്‍ ‍...


അവയവങ്ങളെ
സ്നേഹം കൊണ്ടളക്കുമ്പോള്‍
ഹൃദയം എന്നോട് പിണങ്ങും .
അറുത്തു മാറ്റിയ
ഹൃദയാന്തര്‍ ഭാഗത്ത്
ഏറ്റവും അടിത്തട്ടില്‍
എന്നിട്ടും
ഒളിമങ്ങാതെ കിടന്നതെന്താണ് ?
എനിക്ക് ഉത്തരമേ വേണ്ട ..
ഒന്നിനും ...
കൈയൊഴിയുന്ന
ഹൃദയങ്ങള്‍ എല്ലാംകൂടി
എനിക്കുവേണ്ടി
ഒരു ഇരിപ്പിടം തെയ്യാറാക്കിയെക്കും .
അവിടെ
ഹൃദയസ്പന്ദനം നിലച്ച് ,
നീലവര്‍ണ്ണമായ്‌ ,
അനന്തവിഹായസ്സില്‍ കണ്ണും നട്ട്
ഒരു പ്രതിമ പോല്‍ ഞാന്‍ ...

4 comments:

ഉറുമ്പ്‌ /ANT said...

നന്നായി.

എം.കെ.ഖരീം said...

"ഭൂതഗണങ്ങളെ പോലെ
വാക്കുകള്‍ ഉറഞ്ഞു തുള്ളുമ്പോള്‍
വഴിയരുകിലേക്ക്
പതുങ്ങുന്ന ഒരു മുഖം ."

വെളിചപ്പാടിന്റെ പള്ളിവാലിനെ ഓര്‍മിപ്പിച്ചുകൊണ്ടു ആ വരികള്‍... ഊറ്റം കൊള്ളുമ്പോള്‍ പതുങ്ങുന്ന മുഖങ്ങളില്‍ എന്തെന്തു വികാരങ്ങള്‍ ആകാം? ഇവിടെ പതുങ്ങുന്ന ആ മുഖം ആരുടേത്? ഹൃദയ ദേവാലയ മുറ്റത്ത്‌ വാക്കുകള്‍ ഊറ്റം കൊള്ളുമ്പോള്‍ ‍ ആരാണ് പകച്ചു മാറുക. നമ്മില്‍ തന്നെയുള്ള ആ മൃഗീയത, ചെകുത്താന്‍...

"ഏറ്റുമുട്ടലിലും ,
വാക്ക്‌ പയറ്റിലും
സ്വന്തമായ്‌ ഒരു വേദി .
പിടഞ്ഞു മാറുന്നവനെ...
അന്നം തരുന്നവനെ ...
സത്യം പറയുന്നവനെ ...
ഒടുവില്‍
ദൃക്‌സാക്ഷി ആയവനെ പോലും
പകയൊടുങ്ങാതെ
ഞാന്‍"

ഇവിടെയെത്തുമ്പോള്‍ ഞാന്‍ എന്ന കഥാപാത്രം ഏതു പ്രതീകമാണ്? നൂറും പാലും കൊടുത്തു കൈ വലിക്കും മുമ്പ് ആ കയ്യില്‍ കൊത്തുന്ന നാഗത്തെ വയ്ക്കാമോ? എന്തോ... ഈ കാലം വളരെ മോശമാണ്. അതിലേറെ മോശമാണ് നമ്മില്‍ കുടി കൊള്ളുന്ന മൃഗീയതയും... നന്ദിയില്ലാതെ ലോകം.

"അവയവങ്ങളെ
സ്നേഹം കൊണ്ടളക്കുമ്പോള്‍
ഹൃദയം എന്നോട് പിണങ്ങും . "

ഹൃദയം എന്തിനാണ് പിണങ്ങുന്നത്? ആ പിണക്കത്തിന് പുറകില്‍ പ്രവര്‍ത്തിക്കുന്ന വികാരം എന്താവാം. അതിനെ നമുക്ക് സ്വാര്‍ഥത എന്ന് വിളിക്കാമോ? വിരലിനെ സ്നേഹിച്ചാല്‍ കൈക്ക് പിണക്കം, മുടികളില്‍ തലോടിയാല്‍ തലയ്ക്കു പിണക്കം... അവയവം എന്ന നിലക്ക് നമ്മെ പകുത്തു വച്ചാല്‍ സത്യത്തില്‍ നാം ആരാണ്? ഞാന്‍ കയ്യല്ല, കണ്‍ണല്ല , ഹൃദയമല്ല, കാലും ആമാശയവും അല്ല... അതെല്ലാം ഒരു വാഹനത്തിന്റെ ഭാഗങ്ങള്‍ പോലെ...
കവിതയില്‍ ലേശം മുറുക്കക്കുറവ് അനുഭവപ്പെടുന്നു എങ്കിലും എനിക്കിഷ്ട്ടമായി...

hAnLLaLaTh said...

....സ്വന്തം ഹൃദയം തന്നെ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ...
എന്തില്‍ നിന്നെന്നു ചിന്തിക്കുമ്പോള്‍
വിഭ്രമിപ്പിക്കുന്ന ലോകത്തെക്കാണ് കൈ പിടിച്ചു നടത്തുന്നത്..
കവിത...കവിയുടെ ഉള്‍ക്കാഴ്ച്ചയാകുന്നു..

ആശംസകള്‍..

വരവൂരാൻ said...

കൈയൊഴിയുന്ന
ഹൃദയങ്ങള്‍ എല്ലാംകൂടി
എനിക്കുവേണ്ടി
ഒരു ഇരിപ്പിടം തെയ്യാറാക്കിയെക്കും .
അവിടെ .....

എനിക്ക് ഉത്തരമേ വേണ്ട ..
ഒന്നിനും ...

ആത്മാർത്ഥതയില്ലാത്ത ഉത്തരങ്ങൾ ഞങ്ങൾക്ക്‌ എങ്ങിനെ പങ്കൂവെയ്ക്കാനുമാവും..