സഹയാത്രികര്‍

Sunday, March 17, 2013

പക്ഷിയുടെ മണം



പിരിയൻ ഗോവണികൾ ചിലപ്പോൾ.
വിയർപ്പു മണം ശ്വസിച്ചു കൊണ്ട് ലിഫ്റ്റിലൂടെ ..
ഇടുങ്ങിയ ഇടനാഴികളിലൂടെ
നിലകൾ തോറും കയറിയിറങ്ങി
ഇല്ലാത്ത ഒരഡ്രസ്സ് അന്വേഷിച്ച്..

ജനൽച്ചില്ല് കരണ്ട പേരറിയാത്ത പക്ഷിയുടെ
വൃഥാ ശ്രമങ്ങൾ ഓർത്തുകൊണ്ട്‌.

നടപ്പാതകൾ മഞ്ഞുമൂടി മറഞ്ഞയിടത്തു നിന്നാണ്
പ്രയാണം തുടങ്ങിയത്.
ആണ്‍ കൂട്ടങ്ങൾക്കു നടുവിൽ
വസ്തങ്ങൾ ഉലഞ്ഞുകൊണ്ട്
ചിന്തകൾ താഴിട്ടു പൂട്ടിയ നിലയിൽ..
" നീ ഓർക്കുന്നുവോ"
അനുഭവസ്ഥയ്ക്ക് കിളിച്ചുണ്ട് പിളർന്ന ദാഹം .

ആഘോഷങ്ങളുടെ കാലുറയ്ക്കാത്ത ഇടങ്ങളിൽ
നീയിന്നും ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് മാത്രം..
ലഹരി നിറഞ്ഞ ചുണ്ടുകളും, കണ്ണുകളും.
ഇത് മാത്രം നിന്റെ സ്വത്ത്?

ലാഘവത്തോടെ പറക്കൽ അല്ല എന്റെ ലക്‌ഷ്യം.
സുതാര്യമായ ഒരിളം മയക്കത്തിന്റെ
സുഖാലസ്യം.
അതും അവകാശപ്പെടാൻ ആവാത്തത്.

വൃണങ്ങൾ കാട്ടി അമ്മ കേഴുന്നുണ്ടാവും ഇന്നും
പുഴുക്കൾ നിറഞ്ഞ ജീവിതം സമ്മാനിച്ചതാരാണ്‌ ?
കാലമോ ? മനുഷ്യനോ ?

നിന്റെ ആകർഷണ വലയത്തിൽ ഞാൻ .
ഒരു മഞ്ഞ ചിരി എന്റെ ചുണ്ടിൽ.
നിന്നിലൂടെങ്കിലും ഒരു പരിഗണന .
അർഹിക്കാവുന്ന ഒന്ന് .
വേപഥു പൂണ്ട തുടർ യാത്രകളിൽ
കാരുണ്യലവലേശമറ്റ നിശാന്ധകാരത്തിൽ
സ്പർശനസുഖം നല്കുവാൻ നിനക്ക് മാത്രം അവകാശം.

യാത്രാന്ത്യത്തിൽ കാത്തിരിപ്പിന്റെ അവസാനം.

ഈ ഇരുട്ടിൻ ആഴങ്ങളിലൂടെ
ഞാൻ നിന്നെ പുണർന്നുകൊണ്ട് ...


No comments: