സഹയാത്രികര്‍

Sunday, February 8, 2009

അറാമിന്ദ്രിയം

നേരിന്റെ ബലിത്തറകളില്‍
ചേതനക്ക്‌ അരിയും, പൂവും വിതറിയ ,
അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങിയ ,
നോവറിവിന്റെ തീരകാഴ്ചകള്‍ .
പഴന്തുണിമണമൂറും മുറിയില്‍ ,
വേവുകട്ടിലില്‍ മയങ്ങുന്ന ,
അഴിയാകുരുക്കില്‍ പിടയുന്ന
എണ്ണിയാലോടുങ്ങാത്ത നിഴല്‍കാഴ്ചകള്‍ .


കാറ്റ് കൊണ്ടുപോകുന്ന വീഥികളില്‍,
പൊടിമണ്ണമര്‍ന്ന വയലോരങ്ങളില്‍ ,
ജീവനമര്‍ന്ന നഗരപ്രാന്തങ്ങളില്‍ ,
അറിവിലും, പൊരുളിലും
അമര്‍ത്തിയടച്ച വാക്കിന്റെ പിടച്ചിലുകള്‍.
എവിടെയോ തുടങ്ങിയ
ഒരിക്കലും അവസാനിക്കാത്ത
ഉള്ളടഞ്ഞ ശബ്ദവിന്യാസം .


ആവിയില്‍ പുഴുങ്ങിയ
ജീവനാഡികളില്‍ കൂടി ,
വിയര്‍പ്പും, രക്തവും ഊറുന്ന,
പരിണാമമില്ലാത്ത നിലക്കാത്ത ഒഴുക്കില്‍ ,
ആദിയില്‍ നിന്ന് തികട്ടിവരുന്ന ജീവഗന്ധം .
കാല്‍കീഴില്‍ ,പശിമമണ്ണില്‍
ഇതള്‍ വിരിയാത്ത കുരുന്നുചെടിയുടെ
നിശ്വാസഗന്ധം.

തെരുവോരമുറങ്ങാത്ത രാവ്.
നനഞ്ഞൊട്ടിയ മാറിലമര്‍ന്ന
കുഞ്ഞധരങ്ങളില്‍ മദ്യരുചി .
പിഞ്ഞാണങ്ങള്‍ കലമ്പിയതും ,
കല്‍ച്ചട്ടികളില്‍ പൂച്ച പെറ്റതും ,
വറവുമണങ്ങള്‍ രുചികൂട്ട് തേടിയതും ,
എല്ലാം..
പ്രതിവാര ചിന്തകള്‍ക്ക് മുതല്‍കൂട്ട് ..


കൂട്ടിപിടിച്ച കൈവിരലുകളില്‍
ഊര്‍ന്നു വീഴുന്ന കുന്നിമണികള്‍ .
കുന്നിമണികള്‍ക്കിടയില്‍ ഒരു തുള്ളി രക്തം.
കാഴ്ചയും, കേള്‍വിയും , രുചിയും, ശ്വാസവും മറികടന്ന്
പിടിച്ചടക്കിയ സ്പര്‍ശന വേഗം .


കാറ്റട്ടഹസിക്കുന്നു .....
പെരുംമഴയലച്ചു പെയ്യുന്നു ...
തകര്‍ന്നടിഞ്ഞ കരിങ്കല്‍ ഭിത്തികളില്‍ ഒട്ടിപിടിച്ച....
പറിഞ്ഞു കീറിയ ഹൃദയം ..
എന്റെ ആറാമിന്ദ്രിയം .

1 comment:

വരവൂരാൻ said...

നേരിന്റെ ബലിത്തറകളില്‍
ചേതനക്ക്‌ അരിയും, പൂവും വിതറിയ ,
അനുഗ്രഹാശിസ്സുകള്‍

അഴിയാകുരുക്കില്‍ പിടയുന്ന
എണ്ണിയാലോടുങ്ങാത്ത നിഴല്‍കാഴ്ചകള്‍

പറിഞ്ഞു കീറിയ ഹൃദയം ..
എന്റെ ആറാമിന്ദ്രിയം

അറിയുന്നു ചിന്തകളിൽ കവിതയുടെ ചില വർമ്മാ സാനിധ്യം. മനോഹരമായിരിക്കുന്നു