സഹയാത്രികര്‍

Friday, October 2, 2009

ചാരന്‍


ഏതോ ജന്മങ്ങള്‍ക്ക്
കാവലാളായി
പിറന്നു വീഴുന്നവന്‍ .
പുറപ്പെട്ടുപോവുന്നത്
മടങ്ങിയെത്താത്ത
നിയോഗവുമായി.
ദൃഷ്ട്ടിയൂന്നി ,
കാത്തു കൂര്‍പ്പിച്ച്,
ഒരു പാളയത്തില്‍ നിന്ന്
മറ്റൊന്നിലേക്ക്‌.
ആത്മസമര്‍പ്പണത്തിന്റെ
വേദിയില്‍
കൂരമ്പേറ്റ് പിടയേണ്ടവന്‍ .
അതാണ്‌ ജന്മസുകൃതം .
കടമയില്‍ വെള്ളം ചേര്‍ക്കാത്തവന്‍ .
നിനക്ക് നിഘണ്ടു സമവാക്യം.
അതിര്‍ത്തിരേഖകളില്‍
കാവലാളുകള്‍
നിനക്ക് വഴികാട്ടികള്‍ .
ഒരേ ബിന്ദുവില്‍
സമ്മേളിക്കേണ്ടുന്ന
പ്രവര്‍ത്തിമൂല്ല്യങ്ങളെ
പിരിച്ചകറ്റാന്‍
യാത്രയുടെ തുടക്കത്തില്‍
അന്ത്യശാസനം ചാര്‍ത്തപ്പെട്ടവന്‍ .
ചരിത്രത്തിന്റെ
അടുക്കിയ ഖണ്ഡങ്ങളില്‍
വികൃതമായി ചിത്രീകരണം.
നിനക്കുറങ്ങാമിനി .
ഇരുള്‍പൊയ്കകളില്‍ ,
മരുപറമ്പുകളില്‍ ,
നീയെറിഞ്ഞുടച്ച
ജീവന്റെ സ്പടികയാനങ്ങള്‍
ഉരുകിയമരുകയാണ് .
ഉരുകിചേര്‍ന്ന് പിടയുന്ന ജീവന്‍
മാപ്പ് തരില്ലോരിക്കലും .

1 comment:

കണ്ണനുണ്ണി said...

ഉരുകിചേര്‍ന്ന് പിടയുന്ന ജീവന്‍
മാപ്പ് തരില്ലോരിക്കലും .


നല്ല വരികള്‍...ആശംസകള്‍