സഹയാത്രികര്‍

Thursday, May 19, 2011

മലയാള കവിത


മലയാള കവിതയെ
കാണ്മാനില്ലെന്നു !

വരികള്‍ക്ക് ചോട്ടിലായ്
ഒളിച്ചു നടക്കുകയാണെന്ന് !

വരിയുടെ വാരിയെല്ലിനെ
ആരോ ബലാല്‍ക്കാരം ചെയ്തെന്ന്!

വരിയുടയ്ക്കപ്പെട്ട്
വിരിമാറില്‍ പടര്‍ത്തിയതാണെന്നും!

വീരവാദത്തിന്റെ ചേകോന്‍മാര്‍ക്ക്
പിന്‍കുറിപ്പായ് പോവാത്തവള്‍
കവിത.

വാദ് വെച്ച വിവാദ ചര്‍ച്ചകളില്‍
വീണ വായിക്കാത്തവന്‍ കവിത .

അവനും ,
അവനിലെ അവളും
എന്റേത് മാത്രം.

എന്റെ ശ്യാമസന്ധ്യകളില്‍
വിഷാദസാന്ദ്രമായ്
എന്നെ പുല്‍കി
എന്നിലൂടൊഴുകുന്നോരെന്റെ കവിത.

നിന്നിലെ തീച്ചൂളകളില്‍
വേനല്‍മഴയാവുന്നോരെന്റെ കവിത .
എന്റെ മാത്രം കവിത .
നിന്റെതെന്നു അവകാശപ്പെടാവുന്നതും ....

6 comments:

മുകിൽ said...

കൊള്ളാം.

കവിതയുടെ ചരമഗീതമെഴുതുന്നവര്‍ക്കു വേണ്ടി അല്പം വായ്ക്കരി ഇങ്ങനെ കരുതിവയ്ക്കാം.

നികു കേച്ചേരി said...

മരിക്കാത്ത കവിതയുടെ പിൻകുറിപ്പ്.
നന്നായിട്ടുണ്ട്.

നിരീക്ഷകന്‍ said...

കവിതയെ കാണാനില്ലെന്ന്
പറയുന്നത് സത്യമല്ലെന്ന്
കവിതയെഴുതി തന്നെ പറഞ്ഞതാണ്
ഈ കവിതയില്‍ ഞാന്‍ കണ്ട കവിത....

Unknown said...

എല്ലാം തികഞ്ഞ സമൃദ്ധിയില്‍ കഴിയുന്ന പുതു തലമുറയില്‍ നിന്നും എങ്ങനെ നല്ല കവിത ഉണ്ടാകും.ചുരുങ്ങിയ പക്ഷം വിശപ്പ്‌ എന്തെന്ന് അറിയാവുന്നവനെ നല്ല കവിത എഴുതുവാന്‍ പറ്റൂ..

ബൈജൂസ് said...

വായിച്ചു, കൊള്ളാം

Jithin Meleth said...

എന്‍റെ കവിത ... വൃത്തങ്ങളില്‍ തളച്ചിടപ്പെടാതെ ഇതിവൃത്തങ്ങള്‍ തേടിപോകുന്നു .. താളം ഒരു പക്ഷെ അസുര താളമായിരിക്കാം ..
പക്ഷെ തോല്‍ക്കുന്നവന്റെ ചരിത്രവും അതു കുറിച്ചിടുന്നു.. അങ്ങയുടെ വരികളില്‍ എന്‍റെ കവിതയെയും കാണാന്‍ കഴിഞ്ഞു ..നന്നായിരിക്കുന്നു