സഹയാത്രികര്‍

Thursday, November 11, 2010

എന്‍ഡോസള്‍ഫാന്‍

പറങ്കിമാവിന്‍തോട്ടത്തില്‍
നീളന്‍ നിഴലുകള്‍
കുടിയിരിക്കുന്നു

ശരീരം കുറുകി
തല വീര്‍ത്തവ ..

ആരോ ,
പെയ്തുവീഴുന്ന
വിഷധൂളികളിലേക്ക്
മുഖം ചേര്‍ക്കുന്നു.

കൈകാല്‍ പിടഞ്ഞ്
നുരയൊലിപ്പിച്ച്
ജീവിതം
കരയ്കണയുന്നു !

വായുവിനും
മണ്ണിനും
പേയിളകിയിരിക്കുന്നു.

മരുന്ന് തളിച്ച
ഹെലികോപ്റ്റര്‍
പറന്നകന്നിരിക്കുന്നു.

കണ്ണടയ്ക്കാത്ത
ക്രൌര്യങ്ങള്‍ക്കൊടുവില്‍
അടിവരയിട്ട്,
പൂക്കള്‍ അര്‍പ്പിച്ച്
മൌന ജാഥ നടത്താന്‍
സമയമായോ !?

ലക്ക് കെട്ട സഞ്ചാരത്തിന്
ലാക്കറിയാന്‍
ഇനി ഞാന്‍
മരുന്നടിക്കേണ്ട കാര്യമില്ല ..

ഉണര്‍വിലേക്ക്
ഒരു തുള്ളി ഉത്തേജക മരുന്നും ,
കുതിപ്പിലേക്ക്
ഒരു പിടിച്ചു തള്ളലും.
ഇത്രയും മതി
ഒരു ജനതയ്ക്ക്
സംഘബല മുണ്ടാകാന്‍ .
ഓര്‍ക്കുക ..
ഒരു രാജ്യം കീഴ്പ്പെടാനും ,
അരാജകത്വത്തിലേക്ക്
തെന്നി മാറാനും....

13 comments:

Unknown said...

ആനുകാലികപ്രസക്തിയുള്ള കവിതയ്ക്ക് ആശംസകള്‍.
ഒപ്പം അസ്സലായി കവിതയെന്ന് പറയട്ടെ!

കണ്ണൂരിലെ കണ്ടല്‍പ്പാര്‍ക്കിനെതിരെ നടന്നത് ആവാസ വ്യവസ്ഥ സംരക്ഷിക്കാനായിരുന്നു. ആ സംരക്ഷണം ആത്യന്തികമായ് രക്ഷാകവചം തീര്‍ക്കുന്നത് മനുഷ്യരാശിക്ക് അനുകൂലമായും.

പക്ഷെ എന്‍ഡൊസള്‍ഫാനും, ഭോപ്പാലും ആവര്‍ത്തിക്കപ്പെടുമ്പോള്‍ ആവാസവ്യവസ്ഥാ സംരക്ഷണത്തിന്റെ അന്തിമഫലം അനുഭവിക്കാന്‍ മനുഷ്യരുണ്ടാകുമോ ആവോ?

വ്യക്തിതാത്പര്യമാവാം, രാഷ്ട്രീയമാവാം..
പക്ഷെ മനുഷ്യരെ ചുട്ടുതിന്നാവരുത് അത്!

നിശാഗന്ധി പൂക്കുന്ന രാത്രി said...

പ്രസക്തമായ കവിത. ആശംസകള്‍

ഷൈജൻ കാക്കര said...

എൻഡൊസൾഫാൻ ജീവൻ രക്ഷാമരുന്നൊന്നും അല്ലല്ലോ...

ജനങ്ങളുടെയിടയിൽ ഭീതിയും കൂറെ പഠനങ്ങൾ അപകടകാരിയുമാണെന്ന്‌ കണ്ടെത്തുകയും ചില രാജ്യങ്ങൾ നിരോധിക്കുകയും ചെയ്ത ഒരു കീടനാശിനി... അതാണ്‌ എൻഡൊസൽഫാൻ.... എന്നാൽ പിന്നെ അതങ്ങ്‌ നിരോധിക്കുക... അതിന്‌ ശേഷവും പഠനങ്ങൾ നടത്താമല്ലോ... പഠനം അവസാനിപ്പിക്കേണ്ട... പഠനം പഠനത്തിന്റെ വഴിക്ക്‌ പോകട്ടെ... ഇനിയിപ്പോൾ എൻഡൊസൽഫാൻ പുണ്യാഹമാണെന്നൊ അന്നാവെള്ളമാണെന്നോ സംസം വെള്ളമാണെന്നൊ ശാസ്ത്രീയമായി തെളിയിക്കുകയാണെങ്ങിൽ നമ്മുക്ക്‌ പിന്നേയും തളിക്കാമല്ലോ... കശുമാവും ജനവും ബാക്കിയാവണമല്ലോ... അതുവരെ കേന്ദ്രസർക്കാരും കമ്പനിയും കുമ്പളങ്ങി മാഷും ക്ഷമി...

Merlin said...

ഉണര്‍വിലേക്ക്
ഒരു തുള്ളി ഉത്തേജക മരുന്നും ,
കുതിപ്പിലേക്ക്
ഒരു പിടിച്ചു തള്ളലും.
ഇത്രയും മതി
ഒരു ജനതയ്ക്ക്
സംഘബല മുണ്ടാകാന്‍ .
ഓര്‍ക്കുക ..
ഒരു രാജ്യം കീഴ്പ്പെടാനും ,
അരാജകത്വത്തിലേക്ക്
തെന്നി മാറാനും....
കണ്ടു വേദനിക്കുന്ന ദ്രിശ്യങ്ങള്‍....കണ്ണടക്കുന്ന മനുഷ്യര്‍...എന്‍ഡോസള്‍ഫാന്‍ ദേശീയ ദുരന്തമായി മാരുംബോളും മനസ്സിലാക്കാത്ത ചില നേതാക്കള്‍....പഠനമാണ് വേണ്ടതെന്നു പറയുമ്പോള്‍ അവര്‍ വാദിക്കുന്നത് ആര്‍ക്കു വേണ്ടി ???????

ഗോപി വെട്ടിക്കാട്ട് said...

സാമൂഹിക പ്രതിബദ്ധത യുള്ള കവിത ക്കും കവിക്കും അഭിവാദ്യങ്ങള്‍ ..............
ഇനിയും ആ തൂലിക യില്‍ ഇതുപോലുള്ള കവിതകള്‍ വിരിയട്ടെ ..

Unknown said...

ചേട്ടാ, വളരെ നന്നായിരിക്കുന്നു, ആനുകാലികം അറ്റ്‌ ഇത്സ് ബെസ്റ്റ്, വായിച്ചു, അസ്വതിച്ചു, പക്ഷെ അതില്‍ കൂടുതല്‍ ഒന്നും നടക്കില്ലല്ലോ എന്ന് ചിന്തിക്കുംപോഴാനു വിഷമം, ചൂട് വാര്‍ത്തയായി മാധ്യമങ്ങള്‍ കൊണ്ടാടുന്നു പക്ഷെ അതിന്റെ ആയുസ്സ് എത്രനാള്‍ എന്ന് കണ്ടു അറിയേണ്ടത് തന്നെ ആണ്, ആശംസകള്‍...........

Resmi G. said...

മനോഹരം...ദുഖാര്‍ദ്രം...... ചിന്തനീയം ഈ വരികള്‍!!!

Hari said...

എന്ടോസള്‍ഫാന്‍ നിരോധിച്ച്ച്ചേ തീരൂ...നിരോധിപ്പിച്ച്ച്ചേ തീരൂ..അല്ലെങ്കില്‍ ഇത്തരം മനുഷ്യന് വിലയില്ലാത്ത കാടത്തങ്ങള്‍ പലയിടങ്ങളിലും ആവര്‍ത്തിക്കപ്പെടും.ചോദിക്കാനും പറയാനും ആരും ഇല്ല എന്നൊരു തോന്നല്‍ ഈ നാറികള്‍ക്ക് ഉണ്ടാകും.ലാഭേച്ച മാത്രമാകും ലോകത്തിലെ ഏക വികാരം..അവിടെ സ്നേഹമോ,കരുണയോ,പ്രണയമോ ,അനുകമ്പയോ ,സഹതാപമോ അതുപോലെ മറ്റു മാനുഷിക വികാരങ്ങളോ ഉണ്ടാവുകയില്ല.അതിനാല്‍ ഈ തോന്നിവാസത്ത്തിനു അറുതി വരുത്തെണ്ടത് മനുഷ്യ രാശിയുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഇത് മാത്രമല്ല,ഇതുപോലുള്ള എല്ലാം.ഒരാള്‍ ഏത് പ്രവര്‍ത്തനം നടത്തുമ്പോഴും അത് സഹജീവികളെ കൂടി എങ്ങനെ ബാധിക്കും ഏന് ചിന്തിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു കാലം തിരിച്ചു വന്നേ ഒക്കൂ.,തിരിച്ചു കൊണ്ടുവന്നെ ഒക്കൂ.അധാര്‍മികതയുടെ ഈ ഒഴുക്ക് ധാര്‍മിക ബോധമുള്ളവര്‍ നിരന്നു നിന്നു അണ കെട്ടി തടയണം.എല്ലാവരും അതിനായി പ്രയത്നിക്കുക..അവനവനു കഴിയുന്ന രീതിയില്‍ എല്ലാം പ്രതികരികുക്കുക.കവിതയായും,കഥയായും,ലേഖനങ്ങളായും,നാടകമായും,ഷോര്‍ട്ട് ഫിലിം ആയും,സിനിമയായും,സംസാരത്തിലും ,ഇന്റെര്നെട്ടിലൂടെയും,രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ആയും ..സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രതികരിച്ചുകൊണ്ടേ ഇരിക്കുക..രോഷം അറിയിക്കുക.ഇത്തരം അധാര്മികതക്ക് ഓശാന പാടുന്ന അധികാരി വര്‍ഗത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനുള്ള ആര്‍ജ്ജവം കാണിക്കുക..കാരണം ഇത് നമ്മുടെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.നാളെകളോട് നമുക്കുള്ള ബാധ്യതയാണ്.

ഇത്തരം ഒരു പ്രശ്നത്തില്‍ പ്രതികരിക്കാന്‍ ശ്രമിച്ചിരിക്കുന്ന ഗിരീഷേട്ടന് എന്റെ ആയിരമായിരം അഭിവാദ്യങ്ങള്‍.
വന്ദേ മാതരം.

Hari said...
This comment has been removed by the author.
Hari said...
This comment has been removed by the author.
ശ്രീജ എന്‍ എസ് said...

പ്രതികരണ ശേഷി നശിച്ച നമുക്ക് വേണ്ടിയുള്ള കവിത.ഉറക്കം വിട്ടുണരാന്‍ ഇനി എത്ര കാലം.ഏതു അനീതിയോടും പൊരുത്തപ്പെടാന്‍ നിശബ്ദമായിരിക്കാന്‍ മാത്രം വീര്യം കെട്ട മക്കള്‍ ആണല്ലോ നമ്മള്‍..രാജ്യവും പ്രകൃതിയും നശിക്കുന്നത് കാണുമ്പോളും ഒന്നും പറയാതെയും പ്രവര്തിക്കതെയും ഇനി എത്ര നാള്‍..കവിത നന്നായി

മുകിൽ said...

നന്നായി കവിത.
ഈ നാണമില്ലാത്ത അക്രമത്തിനെ എന്തു വിളിക്കണം എന്ന്nഅറിയില്ല. മനസ്സ് അടഞ്ഞുപോ‍വുകയാണ് ഓർക്കുമ്പോൾ. പ്രതികരിച്ചതിനു നന്ദി.

kaviurava said...

കൈകാല്‍ പിടഞ്ഞ്
നുരയൊലിപ്പിച്ച്
ജീവിതം
കരയ്കണയുന്നു,
കൊള്ളാം നന്നായിട്ടുണ്ട്.

പറങ്കിമാവിന്‍തോട്ടത്തില്‍
നീളന്‍ നിഴലുകള്‍
കുടിയിരിക്കുന്നു

ശരീരം കുറുകി
തല വീര്‍ത്തവ,
ഇവിടെ കവിത
ഒരു നന്മയുടെ പ്രവര്‍ത്തനമാകുന്നു.