സഹയാത്രികര്‍

Wednesday, May 4, 2011

കുയിലിന്റെ മണിനാദം കേട്ടു....


വിളറിയ മുഖാവരണത്തിനും ,
അകന്നു പോവുന്ന നോട്ടങ്ങള്‍ക്കും
ഇടയില്‍
ഒരു ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ്‌ ഗാനം
വിതുമ്പുന്നു.. പൊട്ടി ചിതറുന്നു...

അലതല്ലുന്ന ഗാനവീചികള്‍ക്ക്
പിടി തരാതെ കടന്നുപോയ
ആരുടെയോ ശബ്ദമിശ്രണം .

ഒഴുക്കന്‍മട്ടില്‍
ചാഞൊഴുകുന്ന
വിഷാദതന്ത്രിസ്വനം .

വേപഥു പൂണ്ടു നില്‍ക്കുന്ന
തീരത്തിന്റെ
നീരവമൌനം .

കടല്‍ വിതുമ്പുന്ന
ഹൃദയ കവാടങ്ങളില്‍
കുമിഞ്ഞു കൂടുന്ന
ഉപ്പു പരലുകള്‍
വിറ കൊള്ളുന്നു .

എന്നേയ്കുമായ് പറഞ്ഞു വെച്ച ,
എന്നുമൊരു ഗാനത്തോടൊപ്പം
പിടഞ്ഞുണരുന്ന ,
അര്‍ത്ഥവത്തെന്നു
മനസ്സിനെ പറഞ്ഞ്
പഠിപ്പിച്ച
ഒരേ രാഗത്തിലെഴുതിയ
ഭാവ തരംഗങ്ങള്‍
മെഴുകിയൊരുക്കിയ
ഒരു നിശബ്ദ ചിത്രം...

കടല്‍ മയക്കത്തിന്റെ
പൌര്‍ണമി രാവുകളില്‍
ഇതള്‍ വിരിഞ്ഞ്
മണം പരത്തുന്നത് .

ഉപ്പു പരലിന്റെ
ചവര്‍പ്പുരസത്തില്‍
അതിന്നും
ഒരു സുഗന്ധവാഹിയായ കാറ്റാണ്..

വിതുമ്പലിന്റെ ആഴങ്ങളില്‍ നിന്ന്
പുനര്‍ജനിക്കുന്നത് ...

2 comments:

മുകിൽ said...

വായിച്ചു. കൊള്ളാം.

Anurag said...

കവിത വയിച്ചു കൊള്ളാം നന്നായിട്ടുണ്ട്