സഹയാത്രികര്‍

Friday, July 31, 2009

വഴികണ്ണുമായ്‌

കാഴ്ചക്ക് നേരെ വരുന്നതെന്തും
പ്രതീക്ഷയ്ക്ക് ജീവന്‍ പകരുന്നത്,
കേള്‍വിയുടെ ആഴങ്ങളില്‍
പെരുമ്പറ കൊട്ടുന്നത്
കേള്‍ക്കാന്‍ കൊതിച്ചതും ...

യാഥാര്‍ത്യങ്ങളുടെ ഇളിഞ്ഞ മുഖങ്ങളില്‍
തുരുമ്പു കൈകള്‍ തടവിയും ,
മാറാലകണ്ണുകള്‍ ഉഴിഞ്ഞും ,
അടഞ്ഞ ചെവികള്‍ വിടര്‍ത്തിയും ,
കാത്തിരിപ്പില്‍ വിരല്‍ പാകി ,
ഒരിക്കല്‍ കൂടി ... അല്ലെങ്കില്‍ എന്നേക്കും ...

ജനലഴിയുടെ ചതുരകാഴ്ച്ചകളില്‍
കാത്തിരിപ്പിന്റെ ശനിദശ .
ഒരമ്മയുടെ മുഷിഞ്ഞ മണമുള്ള
കാത്തിരിപ്പ്‌ .

ചോരപ്രളയത്തില്‍ മുങ്ങിതപ്പി ...
ശ്വാസം നിലച്ച മുഖം ...
ആദ്യം എന്റെ ചോരയില്‍ നിന്ന്
തുടച്ച് മിനുക്കിയ മുഖം കാട്ടി..
ഇരുപത്തൊന്നു വര്‍ഷം മുന്‍പ് ... നഴ്സ് ..
കാഴ്ചക്ക് മിഴിവേകിയത് ..

അവന്‍ ,
ഇന്നിന്റെ ദുരന്തങ്ങളിലേക്ക്‌ ,
ഉഴുതു മറിച്ച നേരിന്റെ തരിശുപാടത്തിലേക്ക് ,
കുടപിടിച്ച വിശ്വാസങ്ങളോടൊപ്പം ,
അറിവിന്റെ മഹാദുരന്തങ്ങളിലേക്ക്‌ ,
അറിവില്ലായ്മയുടെ മഹാഗര്‍ത്തത്തിലേക്കും ...

തുരുമ്പു കൈകള്‍ കുടഞ്ഞും ,
മാറാല കണ്ണുകള്‍ തുറന്നും ,
അടഞ്ഞ ചെവികള്‍ മലര്‍ന്നും ,
ഉള്ളിമണം നിറഞ്ഞ അടുക്കളയിലേക്കു വീണ്ടും ..
വെന്ത ചോറും, കണ്ണീരും ചേര്‍ത്ത
ഒരുരുള .
ഒരു ബലിക്കാക്കയുടെ
വിശപ്പിലേക്ക് ....

1 comment:

വരവൂരാൻ said...

കാഴ്ചക്ക് നേരെ വരുന്നതെന്തും
പ്രതീക്ഷയ്ക്ക് ജീവന്‍ പകരുന്നത്

ഈ വഴികണ്ണിനു തെളിച്ചമായ്‌..പ്രതീക്ഷക്കു ജീവൻ നൽകികൊണ്ട്‌..ഇനിയുള്ള പുലരികൾ വിരിയട്ടെ..നന്മകളൊടെ..

വരികൾക്ക്‌ മരുഭുമിയിലെ വേവും വേദനയും