സഹയാത്രികര്‍

Thursday, December 30, 2010

ആസക്തി

ഉറങ്ങാത്ത ഒരു രാത്രിയിലാണ് ഞാന്‍
നിലാവില്‍ പിണയുന്ന
നിഴലുകളെ ശ്രദ്ധിച്ചത്.

എന്റെ നഗ്ന ശരീരത്തിന്റെ
ദുഷിച്ച ഗന്ധം
നിലാവിലലിയിക്കുകയായിരുന്നു.

പിടഞ്ഞു മാറിയ നിഴലുകളില്‍
ഒന്ന് എന്തിനോ
തേങ്ങികൊണ്ടിരുന്നു.

ഏതോ മൃഗത്തിന്റെ
രൂക്ഷഗന്ധം .
വിയര്‍പ്പിന്റെ
ഒട്ടിചേരലില്‍
മനസ്സിന് എന്നേ
കാലിടറിയിരുന്നു.
എന്നിട്ടും
ഉറപ്പില്ലാത്ത സദാചാരത്തിന്റെ
ആണിക്കല്ലില്‍ വൃഥാ
തടവികൊണ്ടേയിരുന്നു .

മൃഗത്തിന്റെ ഒടുങ്ങാത്ത
കിതപ്പും,
ക്രിയകളിലെ
അവസാനത്തെ നെടുനിശ്വാസവും
എനിക്ക് മാത്രം സ്വന്തം.
എങ്ങിനെ പിണഞ്ഞാലുമുണ്ട്
അവസാനമൊരു
പുറം തിരിയല്‍.
അവിടെ ഞാനെന്നെ തൃപ്തനാക്കുന്നുണ്ട്.

ഓരോ മൃദു മന്ത്രണത്തിലും
ഒരുഗ്ര താപത്തിന്റെ
ഏറ്റകുറച്ചിലുകള്‍ .
ഓരോ പ്രതിജ്ഞയിലും
നിറവേറ്റാത്ത
കള്ള പെരുക്കങ്ങള്‍ .

അവസാനം
എന്റെ തൃപ്തിയ്കായ്
ഞാനെന്നെ തന്നെ
ഭോഗിച്ച്
തൃപ്തിയടയുന്നു.