സഹയാത്രികര്‍

Friday, February 25, 2011

ഉറങ്ങുന്ന അഗ്നിപര്‍വതങ്ങള്‍


പറഞ്ഞവസാനിപ്പിച്ചിരുന്നില്ലാരും .
തുടര്‍ന്ന് പറയാന്‍
ശ്രമിച്ചവര്‍ക്കൊക്കെ
വഴികാട്ടികള്‍
മുന്‍പേ പറന്നൊരാ പക്ഷികളായിരുന്നു.

കൊഴിഞ്ഞ തൂവലിന്റെ
ഋജുരേഖയില്‍ തടവി
തന്മയത്തത്തോടെ
പിന്നീട് വന്നവരും
സമസ്യകള്‍ പൂരിപ്പിച്ചുകൊണ്ടിരുന്നു .

രാത്രി മയക്കങ്ങളില്‍
ചിലര്‍ ഞെട്ടിയുണര്‍ന്ന്
നിലാവിന്റെ
നിഴലനക്കങ്ങളില്‍
സ്വര്‍ഗ്ഗസംഗീതം
കേള്‍പ്പിച്ചുകൊണ്ടിരുന്നു.

അപരിചിതരുടെ കൂടെയുള്ള
സല്‍ക്കാരലാസ്യങ്ങളില്‍
അവര്‍ തിരശ്ശീലക്കു പുറകില്‍
വിദൂഷകന്മാരായി .

വഞ്ചിതരുടെ പെരുംയാത്രകളില്‍
കാലിടറിയവന്റെ വിമോചനയാത്രകളില്‍
അവരെഴുതിയ സൂക്തവും
വായിച്ചിരുന്നുവത്രേ!

കരിഞ്ചാറ് കുടിച്ച
വഞ്ചിത രാത്രികളില്‍
വിലാപഗാനങ്ങള്‍ക്ക്
മൂളിപ്പഠിക്കുമ്പോള്‍
കരിന്തേള് കുത്തുന്ന
ദൂഷിതമാമോര്‍മ്മകളില്‍
കനല്‍ക്കണ്ണ് മറന്നു വെച്ച
നിദ്രാടനങ്ങളിലെ
ഗുഹാതീരങ്ങളും.
ഏറുമാടങ്ങളും ...

എന്നിട്ടും ....
എന്നിലേയ്ക്കമരുന്ന
തീക്കാറ്റുകള്‍
ഒരു യാത്രാമടക്കത്തിന്റെ
വികാര ശേഷിപ്പുകള്‍
അയവിറക്കിക്കൊണ്ടിരുന്നു .

2 comments:

♫ Rαנєѕн Nαιя ♫ said...

രാത്രി മയക്കങ്ങളില്‍
ചിലര്‍ ഞെട്ടിയുണര്‍ന്ന്
നിലാവിന്റെ
നിഴലനക്കങ്ങളില്‍
സ്വര്‍ഗ്ഗസംഗീതം
കേള്‍പ്പിച്ചുകൊണ്ടിരുന്നു.

കൊള്ളാം ........

പാവപ്പെട്ടവൻ said...

കരിഞ്ചാറ് കുടിച്ച
വഞ്ചിത രാത്രികളില്‍
വിലാപഗാനങ്ങള്‍ക്ക്
മൂളിപ്പഠിക്കുമ്പോള്‍
കരിന്തേള് കുത്തുന്ന
ദൂഷിതമാമോര്‍മ്മകളില്‍
കനല്‍ക്കണ്ണ് മറന്നു വെച്ച
നിദ്രാടനങ്ങളിലെ
ഗുഹാതീരങ്ങളും.
ഏറുമാടങ്ങളും ...
വളരെ നല്ല ഒരു കവിത ,ശക്തമായ ഭാഷ തീഷ്ണമായ വരികൾ ആശംസകൾ മാഷേ