സഹയാത്രികര്‍

Friday, March 11, 2011

ഗ്വാണ്ടനാമോയിലെ ഉമര്‍ ഖാദറിന്


ഉമര്‍
നീ ഈജിപ്തിന്റെ
മുലപ്പാലറിഞ്ഞ
തരുണന്‍.

നീ പൊറുക്കുക.
നിവര്‍ന്നു നിന്ന്
അഹങ്കരിക്കുന്നവര്‍ ഞങ്ങള്‍

ഇപ്പോള്‍,
കുനിഞ്ഞും, ഇഴഞ്ഞും
ദിനരാത്രങ്ങളുടെ
കനത്ത കരിങ്കല്‍പ്പാളികള്‍
പിഴുതു മാറ്റുകയാവും നീ.

തിളച്ചു മറിയുന്ന
ഉഷ്ണമാപിനിയാണോ
തടവറ !

ഏത് മനസ്സിന്റെ
ചക്രവാളങ്ങളില്‍
നിന്റെ ദീനസ്വരം
പ്രതിധ്വനിക്കുന്നു !

ഉമര്‍

നീയൊരു യാത്രികനാണ് .
കൊടും യാതനകളുടെ
പിരിയാത്ത കൂട്ടുകാരന്‍.
തടവറകള്‍ വലിച്ചു കുടിച്ചു
നീര് വറ്റിയ കരിഞ്ചണ്ടി.

"പ്രപഞ്ച നാഥ"ന്റെ
പിരിച്ചകറ്റിയ
മാമൂല്‍ വഴക്കങ്ങളില്‍
ബലിക്കല്ലില്‍
വെച്ചരച്ച
വന കുസുമം .

ഉമര്‍

നീ വെട്ടിയരിയപ്പെട്ട
ദര്‍ശന വൈവിധ്യം .
വിചാര സീമകള്‍ക്കപ്പുറം
നീ പറിച്ചു ചീന്തപ്പെട്ട
അനര്‍ഘ വാചനം .
നിന്നെ വായിച്ചറിയാന്‍
രോഗാതുരമായ
പടിഞ്ഞാറിനാവില്ല .

നിന്റെ മന:സഞ്ചാര വീഥികള്‍
നടുവൊടിഞ്ഞ
പരുത്ത യാത്രാ നിലങ്ങള്‍.

നിന്നില്‍
മുദ്ര ചാര്‍ത്തപ്പെട്ട
കളങ്കം
നഗ്ന രാജാവിന്റെ
തിട്ടൂരം.

കുഞ്ഞേ

ഏറ്റുവാങ്ങേണ്ടത്
ഏത് കാഹളങ്ങളാണ്?
ഏത് വാക്ക്ധോരണികള്‍ക്കാണ്
ഇനി ചെവിയോര്‍ക്കേണ്ടത് ?

നിദ്ര പറിച്ചെറിഞ്ഞ
ചിന്താ സരിത്തുകളില്‍ നിന്നും
നീ വാറ്റിയെടുക്കുന്ന
ചുടു നിശ്വാസങ്ങള്‍
ലാവാസമം ..

കനത്ത സീല്‍ക്കാരങ്ങള്‍
നിന്നെ ഞരുക്കി ക്കടന്നുപോവും
എന്നറിയാം.

ചവിട്ടിക്കുഴച്ച നിന്റെ
കൌമാര രാഹിത്യം
ഊര്‍ന്നിറങ്ങി
നനയുന്ന രേതസ്സ് .

നിന്നിലിന്ന്
പുനര്‍ജീവനം
മരുപ്പൂക്കള്‍
വിരിയുന്ന പകല്‍ സ്വപ്‌നങ്ങള്‍
മാത്രമോ?

(അഫ്ഗാനിസ്ഥാനില്‍ വെച്ച് അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട അഹമ്മദ് സയ്യിദ് എന്നയാളുടെ പുത്രനാണ് ഉമര്‍ ഖാദര്‍. ബാപ്പ കൊല്ലപ്പെടുമ്പോള്‍ വെറും പതിനഞ്ചു വയസ്സ് പ്രായമുള്ള ഉമര്‍ അമേരിക്കന്‍ സേന സര്‍ജന്റ് ക്രിസ്റ്റഫര്‍ സ്പിറിനെ ഗ്രനേടെറിഞ്ഞു കൊന്നതിന്റെ പേരില്‍ മുസ്ലീം കൊടും തീവ്രവാദിയായി മുദ്രകുത്തി കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയില്‍ വെച്ച് മൃഗീയമായി പീഡിപ്പിക്കുകയാണ്. ഇപ്പോള്‍ വയസ്സ് ഇരുപത്തിനാല് . ഉയരം കുറഞ്ഞ മുറിയില്‍ നടു നിവര്‍ത്താന്‍ കഴിയാതെ ഇഴഞ്ഞു, നിരങ്ങിയും ഉമര്‍. സര്‍വ്വ പീഡനങ്ങളും ഏറ്റുവാങ്ങുന്ന ഉമര്‍ ഖാദറിന്റെ ജീവിതത്തെപ്പറ്റി കാനഡയിലെ ടോറോന്റോ സ്റ്റാര്‍ പത്രത്തിന്റെ ലേഖിക മിഷേല്‍ ഷെഫാര്‍ട് അന്വേഷിച്ചറിഞ്ഞു ഒരു പുസ്തകം എഴുതിയിട്ടുണ്ട്.)

2 comments:

മുകിൽ said...

കവിത നന്നായിരിക്കുന്നു.

kambarRm said...

ഇങ്ങനെ എത്ര യെത്ര ജന്മങ്ങളാണൂ സാമ്രാജ്യത്വകാപാലികരുടെ കൊടൂം ക്രൂരതകളേറ്റ് ഗ്വാണ്ടനാമോയിൽ കഴിയുന്നത്.., പുറത്തറിഞ്ഞതിലും എത്രയോ അധികമാകും പുറത്തറിയാത്തത്.,
സഹതപിക്കാനല്ലാതെന്ത് ചെയ്യാൻ പറ്റും.
നല്ല കവിത,
അഭിനന്ദനങ്ങൾ