സഹയാത്രികര്‍

Wednesday, January 4, 2012

കുരുതിയോര്‍മ്മകള്‍




കുരുതി കഴിഞ്ഞു.
വെളിച്ചപ്പാട് ബൈക്കില്‍ യാത്രയായി.
നീര്‍ചാലായ് ഒഴുകിയ കുരുതി വെള്ളം
ചത്ത പാമ്പ് പോല്‍ കിടന്നു.
കരിഞ്ഞ തിരികള്‍
മഞ്ഞള്‍ പൊടിയില്‍ കുളിച്ചുറങ്ങി .
നിലാവിന്റെ ഒരു കഷ്ണം പീഠത്തില്‍ ,
ചുവന്ന പട്ടില്‍ വീണു കിടന്നു.
കുരുത്തോലകള്‍
തൂങ്ങിച്ചത്ത രാമനെ ഓര്‍മ്മിപ്പിച്ചു.
കുരുത്തോല പോലെ മെലിഞ്ഞവന്‍ .
കൈനീട്ടി വാങ്ങിയ പൂവിതളുകളില്‍
ചിറകൊടിഞ്ഞ ഒരു പൂമ്പാറ്റ .
തെറിച്ചു വീണ തീര്‍ഥകണങ്ങളില്‍
വിയര്‍പ്പുനാറ്റം .
കരിന്തിരി കത്തുന്ന ശ്രീകോവിലില്‍
വിളറിയൊരു മുഖം.
രാത്രിയുടെ അവസാന യാമത്തില്‍
നിഴലിനെ പ്രണയിച്ചും, കാമിച്ചും ഞാന്‍.
തെങ്ങിന്റെ നിഴല്‍പ്പാടുകളില്‍
ഇന്നും കത്തിയെരിയാത്ത ഒരു ചിത....
അമ്മയ്ക്ക് ഇപ്പോഴും വിശക്കുന്നുണ്ടത്രേ!!!

1 comment:

Anonymous said...

നേരിട്ട് കണ്ടിട്ടില്ലെങ്കിലും മനസ്സില്‍ കടുത്ത വര്‍ണങ്ങളില്‍ വരച്ചിട്ട,വെളിച്ചപ്പാടിന്റെ ചിത്രത്തിന് ഒരു തിരിച്ചടിയാണ്...എങ്കിലും കവിത മനോഹരം...