സഹയാത്രികര്‍

Friday, April 8, 2011

പുനര്‍ജനിയിലേക്ക്അനന്തതയില്‍ തുടിക്കുന്ന
ചെറുതിരി വെട്ടത്തിന്റെ
നിര്‍മ്മമമായ സ്നേഹത്തിന്റെ
വറ്റാത്ത ഒളിനിറവ്.

എന്നിലേക്ക്‌ ചേര്‍ന്നൊഴുകുന്ന
തെളിനീരുറവയുടെ
കൈവഴികള്‍ .

പിരിഞൊഴുകേണ്ടി വന്ന
നിനവുകളുടെ
അടി തെറ്റിയ കയങ്ങളില്‍
ഒരു ഉറവയുടെ ആദ്യദാഹം
വിതുമ്പി കൊണ്ടിരുന്നു .

അനന്തമായ കടലിന്റെ
സംഗമ ഗൃഹാതുരയില്‍
വേര്‍പിരിവിന്റെ
വലിഞ്ഞു മുറുകല്‍ .

എന്നിലേക്ക്‌
പടര്‍ന്നു കയറുന്നത്
രാത്രിമയക്കത്തിന്റെ
നിശൂന്യതയില്‍
പിടഞ്ഞുണരുന്ന
ശബ്ദമില്ലാത്ത വാക്കുകളാണ്.

വാക്കുകള്‍ ഒന്നും പറയാതെ
തല താഴ്ത്തി മടങ്ങുന്നു.
നിര്‍ന്നിമേഷരായി ,
പ്രത്യാശയോടെ അവര്‍.

ഒരു പുനര്‍ജനിയുടെ
കണക്കുകള്‍ക്കിടയില്‍
യാത്രാനേരം മറന്ന
സഞ്ചാരിയെപ്പോല്‍ ഞാന്‍.

എന്നില്‍ നിന്നുള്ള
ദൂരമാണിപ്പോഴും
ഞാനളന്നുകൊണ്ടിരിക്കുന്നത് .

എന്നിട്ടും..
വാക്കുകള്‍ക്കും,
നോട്ടങ്ങള്‍ക്കും,
ഒരവധി പറഞ്ഞ്
പിറന്നിടത്തേക്കുള്ള
യാത്രയിലാണ് ഞാന്‍.
ഒരു പുനര്‍ജനിയുടെ സുഖം നുകരാന്‍....
( ഈ കവിത എന്റെ ഒരു പ്രിയ സുഹൃത്തിനു, അനിയന്... )

No comments: